ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ പറ്റിയ 'സാമ്പത്തിക സമയം', രംഗത്തുള്ളത് കേരള കമ്പനികള്‍; ഇപ്പോള്‍ വാങ്ങിയാല്‍ എന്താണ് ലാഭം?

ഐഎസ്എല്ലില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ഭൂരിപക്ഷം ക്ലബുകളും വലിയ നഷ്ടത്തിലാണ്. ഒരു സീസണില്‍ ക്ലബ് നടത്തി കൊണ്ടുപോകാന്‍ 50-60 കോടി രൂപ വേണം. ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ 10-15 കോടിക്ക് അടുത്താണ് നഷ്ടം
kerala blasters
Published on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കളിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കേരളം ആസ്ഥാനമായുള്ള രണ്ട് കോര്‍പറേറ്റ് കമ്പനികളെന്ന് സൂചന. ഒരു കമ്പനിക്ക് നിലവില്‍ ഫുട്‌ബോള്‍ ക്ലബ് സ്വന്തമായുണ്ട്. ചര്‍ച്ചകളില്‍ പങ്കാളികളായ മറ്റൊരു കമ്പനി നിലവില്‍ സ്‌പോര്‍ട്‌സില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്.

അടുത്ത സീസണില്‍ ഐഎസ്എല്‍ എപ്പോള്‍, എങ്ങനെ നടക്കുമെന്ന് വ്യക്തതയില്ലാത്ത അവസ്ഥയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഐഎസ്എല്‍ ആരംഭിച്ചിരുന്നു. ലീഗിന്റെ നടത്തിപ്പുകാരായ റിലയന്‍സിന്റെ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

വാങ്ങുന്നവര്‍ക്ക് നേട്ടമെന്ത്?

ഇന്ത്യയില്‍ ഫുട്‌ബോള്‍ നടത്തിപ്പ് ലാഭകരമായ ബിസിനസ് അല്ല. ഐഎസ്എല്ലില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ഭൂരിപക്ഷം ക്ലബുകളും വലിയ നഷ്ടത്തിലാണ്. ഒരു സീസണില്‍ ക്ലബ് നടത്തി കൊണ്ടുപോകാന്‍ 50-60 കോടി രൂപ വേണം. ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ 10-15 കോടിക്ക് അടുത്താണ് നഷ്ടം. ടൈറ്റില്‍ സ്‌പോണ്‍സറിനെ പോലും കിട്ടിയിരുന്നില്ല. ഉടമകളുടെ മറ്റൊരു കമ്പനിയാണ് ടൈറ്റില്‍ സ്‌പോണ്‍സറായി വന്നത്. അതിനാല്‍ ആ വഴിക്കുള്ള വരുമാനം ഇല്ലാതായി. ടീമിന്റെ പ്രകടനം മോശമായതോടെ ടിക്കറ്റ് വില്പനയില്‍ നിന്നുള്ള വരുമാനവും തീരെ കുറവായിരുന്നു.

നിലവിലെ ഉടമകള്‍ ആന്ധ്ര ആസ്ഥാനമായ മാഗ്നം ഗ്രൂപ്പാണ്. ഒറ്റ സീസണില്‍ പോലും ലാഭത്തിന്റെ അടുത്തെത്താന്‍ പോലും ടീമിനായിരുന്നില്ല. ഐഎസ്എല്ലിന്റെ ഭാവി പോലും അവതാളത്തിലായിരിക്കേ ഇനിയും ക്ലബുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

വില്പനയ്ക്ക് കാരണങ്ങള്‍ പലത്

ലാഭത്തിലെത്തുന്ന എന്നത് ഹിമാലയന്‍ ടാസ്‌ക് ആയിരിക്കേ എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ കമ്പനികള്‍ മുന്നോട്ടു വരുന്നതെന്നത് ശ്രദ്ധേയമാണ്. അവിടെയാണ് ഫുട്‌ബോളിന്റെ സ്വാധീന ശക്തി പ്രകടമാകുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒരു വന്‍കിട കോര്‍പറേറ്റ് കമ്പനി ഈ ക്ലബിനെ വാങ്ങിയാല്‍ പല തരത്തില്‍ അവര്‍ക്ക് ഗുണം ചെയ്യും. ക്ലബിന്റെ ഉടമകളെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും പ്രധാന കാരണം.

ഇപ്പോള്‍ ക്ലബിനെ വാങ്ങാന്‍ പറ്റിയ സമയമാണെന്ന് ചര്‍ച്ച നടത്തുന്നവര്‍ക്ക് അറിയാം. വില്ക്കുന്നവര്‍ക്ക് കാര്യമായ വിലപേശല്‍ ശേഷി ഇല്ലാത്ത അവസ്ഥയാണ്. ബ്രാന്‍ഡിന് മൂല്യമുണ്ടെന്ന് ഒഴിച്ചാല്‍ മാഗ്നം സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥതയിലുള്ള ക്ലബിന് യാതൊരുവിധ ആസ്തികളും ഇല്ല. ഓഫീസ് മുതല്‍ പ്രാക്ടീസ് ഗ്രൗണ്ട് പോലും വാടകയ്ക്കാണ്.

സ്വന്തം ഗ്രൗണ്ട് നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ല. കിട്ടുന്ന വിലയ്ക്ക് ക്ലബിനെ വിറ്റൊഴിവാക്കാനാണ് ഉടമകളുടെ ശ്രമം. ഇപ്പോള്‍ വാങ്ങാനെത്തിയവരില്‍ ഒരെണ്ണം ഐടി രംഗത്തെ വമ്പന്മാരാണ്. മറ്റൊന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കമ്പനിയും. ഈ രണ്ട് കമ്പനികളും കേരളത്തില്‍ നിന്നുള്ളതാണെന്നതാണ് ആരാധകരുടെ പ്രതീക്ഷ.

ഐഎസ്എല്ലില്‍ ക്ലബുകളെല്ലാം കനത്ത സാമ്പത്തിക ബാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. പല ടീമുകളും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ലീഗിന്റെ നടത്തിപ്പ് റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്. കോടികള്‍ അവര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിക്ഷേപിച്ചെങ്കിലും വലിയ തോതില്‍ റിട്ടേണ്‍ കിട്ടിയിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com