കേരളത്തിലെ കോടതി നടപടിക്രമങ്ങളിലും എ.ഐ വിപ്ലവം; കാലതാമസം കുറവ്, കൂടുതൽ കൃത്യത, നവംബര്‍ 1 മുതല്‍ ഈ മാറ്റം

കൈയെഴുത്തു പ്രതികളുടെ വായിക്കാവുന്ന പകർപ്പുകൾ തയാറാക്കുന്നതിന് എടുക്കുന്ന കാലതാമസം പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കാന്‍ സാധിക്കും
Consumer court
Consumer courtImage : Canva
Published on

നടപടിക്രമങ്ങളിൽ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വലിയ പരിവർത്തനത്തിന് ഒരുങ്ങുകയാണ് കേരളത്തിലെ കോടതികള്‍. സംസ്ഥാനത്തെ എല്ലാ ജില്ലാ കോടതികളും സാക്ഷി മൊഴികളും തെളിവുകളും രേഖപ്പെടുത്തുന്നതിനായി നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ ഉപകരണമായ അദാലത്ത്.എഐ (Adalat.AI) നവംബര്‍ 1 മുതല്‍ ഉപയോഗിക്കാൻ തുടങ്ങും.

ഇതുവരെ സാക്ഷി മൊഴികൾ ജഡ്ജിമാർ എഴുതി സൂക്ഷിക്കുകയോ കോടതി ജീവനക്കാർ ടൈപ്പ് ചെയ്യുകയോ ആയിരുന്നു ചെയ്തിരുന്നത്. എ.ഐ അധിഷ്ഠിത ട്രാൻസ്ക്രിപ്ഷനിലേക്ക് മാറുന്നതിലൂടെ കാലതാമസം കുറയ്ക്കാനും പ്രക്രിയയിൽ കൂടുതൽ കൃത്യത കൊണ്ടുവരാനുമാണ് ഹൈക്കോടതി ഉദ്ദേശിക്കുന്നത്. പല ജില്ലാ കോടതികളിലും ടൈപ്പിസ്റ്റുകളുടെ കുറവ് കാരണം ജഡ്ജിമാർ സ്വയം സാക്ഷി മൊഴികൾ കൈകൊണ്ട് എഴുതേണ്ട സാഹചര്യം സംജാതമായിരുന്നു.

കൈയെഴുത്തു പ്രതികളുടെ വായിക്കാവുന്ന പകർപ്പുകൾ തയാറാക്കുന്നതിന് എടുക്കുന്ന കാലതാമസം പുതിയ സംവിധാനത്തിലൂടെ ഒഴിവാക്കാന്‍ സാധിക്കും. മൊഴികള്‍ രേഖപ്പെടുത്തി ജഡ്ജിമാര്‍ ഒപ്പിട്ടുകഴിഞ്ഞാൽ, അത് കേസ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് (District Court Case Management System, DCMS) അപ്‌ലോഡ് ചെയ്യും. അതിന് ശേഷം കക്ഷികൾക്കും അഭിഭാഷകർക്കും അവരുടെ ഡാഷ്‌ബോർഡുകൾ വഴി ഇത് ആക്‌സസ് ചെയ്യാനും കഴിയും. എല്ലാ വിചാരണ കോടതികളിലും ഇത്തരമൊരു എഐ അധിഷ്ഠിത സംവിധാനം നിർബന്ധമാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറുകയാണ്.

കേസ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ അധിക സവിശേഷതയായി ഒക്ടോബർ 6 മുതൽ വാട്ട്‌സ്ആപ്പ് അറിയിപ്പുകളും അവതരിപ്പിക്കുന്നുണ്ട്. കേസ് ലിസ്റ്റിംഗുകൾ, ഇ-ഫയലിംഗ് പോരായ്മകൾ, നടപടിക്രമങ്ങൾ, മറ്റ് കോടതി ആശയവിനിമയങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ അഭിഭാഷകർക്കും കക്ഷികൾക്കും ലഭിക്കാൻ സഹായകരമാണ് ഈ നീക്കം. അതേസമയം, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ തത്സമയ അപ്‌ഡേറ്റുകൾ മാത്രമായിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പുകൾക്കോ ​​സമൻസുകൾക്കോ ​​പകരമാകില്ലെന്നും കോടതി വ്യക്തമാക്കി.

Kerala courts to implement AI-based speech-to-text tool Adalat.AI for transcription from November 1.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com