കോവിഡ് കേസുകള്‍ കുറയുന്നു; പ്രധാനകാരണം വീട്ടില്‍ കഴിയുന്ന പല രോഗികളെയും ടെസ്റ്റ് ചെയ്യാത്തത്
കേരളത്തില്‍ പ്രതിദിന പോസിറ്റീവ് നിരക്ക് ഇന്നലെയും കുറഞ്ഞു തന്നെ. എന്നാല്‍ മരണ സംഖ്യ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതും. ഇന്നലെ മാത്രം 196 മരണങ്ങളാണ് കോവിഡ് മൂലം സംസ്ഥാനത്ത് രേഖപ്പെടുത്തിയത്, ഇതുവരെ ആകെ മരണങ്ങള്‍ 7,554 ഉം. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍. ഓരോ വ്യക്തിയുടെയും കുടുംബത്തിലും സുഹൃദ് വലയത്തിലും തന്നെ പോസിറ്റീവ് ആയവര്‍ എത്രയോ പേരാണ്. അങ്ങനെ നടത്തിയ ഒരു അന്വേഷണത്തിലാണ് കേരളത്തിലെ കോവിഡ് നിരക്കു കുറയുന്നതിനു പിന്നിലെ വാസ്തവം വ്യക്തമാകുന്നത്.
കോവിഡ് പ്രവര്‍ത്തനങ്ങളിലും പരിചരണത്തിലും മുന്നില്‍ തന്നെയാണ് സംസ്ഥാനമെന്നതില്‍ സംശയമില്ല. കേരളത്തില്‍ കോവിഡ് വരുന്ന വ്യക്തികള്‍ക്ക് പോസിറ്റീവ് ആകുന്ന നിമിഷം മുതല്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, ആശ പ്രവര്‍ത്തകര്‍, കോവിഡ് ഡെസ്‌ക് അംഗങ്ങള്‍, വാര്‍ഡിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം തന്നെ ഫോണിലൂടെ ബന്ധപ്പെടും. കുടിവെള്ളവും ഭക്ഷണവും മരുന്നും മറ്റ് അവശ്യ സാധനങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കും. എന്നാല്‍ ഈ പരിചരണം മാത്രം മതിയോ ഇവിടുത്തെ കോവിഡ് വ്യാപനം തടയാന്‍. തീര്‍ച്ചയായും പോര എന്നുതന്നെ പറയേണ്ടി വരും. കാരണം സ്ഥിതി രൂക്ഷമായ പല ജില്ലകളിലും പുറത്തുവരുന്ന പോസിറ്റീവ് നിരക്ക് യാഥാര്‍ത്ഥ്യത്തിനും ഏറെ അകലെയാണ്.
ടെസ്റ്റ് കുറവ്
പല ജില്ലകളിലും ദിനം പ്രതി നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം കുറവാണ്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ തന്നെ ഇതുവരെ ആകെ 1,88,81,587 കോവിഡ് ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇന്നലെ മാത്രം നടന്നത് 87,331 സാമ്പിള്‍ പരിശോധനയും. ടെസ്റ്റ് നിരക്ക് കുറയുന്ന ദിവസത്തെ കണക്കുകള്‍ പൊതു ജനങ്ങളിലേക്ക് രോഗ വ്യാപനം കുറയുന്നുവെന്ന തെറ്റായ സന്ദേശം എത്തിച്ചേക്കാം. മാത്രമല്ല പല കുടുംബങ്ങളിലും ഒരാള്‍ക്ക് കോവിഡ് ആണെങ്കില്‍ മറ്റുള്ളവരും രോഗം വന്നതു പോലെ കഴിയുകന്നു. രോഗികളുടെ എണ്ണവും ഇത്തരത്തില്‍ എഴുതപ്പെടാതെയും പോകുന്നു. അധികാരികളും മുന്‍കൈ എടുക്കുന്നില്ല.
ഉദാഹരണത്തിന് ആലപ്പുഴ ജില്ല തന്നെ എടുക്കാം. ഏറ്റവും ജനസാന്ദ്രതയുള്ള ആലപ്പുഴ ജില്ലയില്‍ ഏകദേശം 20 ലക്ഷത്തിലേറെപ്പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും ഇന്നലെ മാത്രം 1,272 കോവിഡ് രോഗികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തിരുമല വാര്‍ഡില്‍ മാത്രം പല കുടുംബങ്ങളിലെയും എല്ലാ അംഗങ്ങളും കോവിഡ് രോഗികളാണ്. എന്നാല്‍ ആദ്യം രോഗം കണ്ടെത്തുന്ന ആള്‍ മാത്രമാണ് കോവിഡ് പോസിറ്റീവ് ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുന്നത്. പിന്നീട് കുംടുംബത്തിലെ മുഴുവന്‍ പേരെയും ക്വാറന്റീന്‍ പോലും അനുവദിക്കാതെ അതേ വീട്ടില്‍ തന്നെ കഴിയാന്‍ ആണ് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നത്.
രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുന്നു
കുട്ടികളും പ്രായമായവരും ഉള്‍പ്പെടുന്ന കുടുംബത്തിലെ മറ്റ് വ്യക്തികള്‍ക്കും പനിയും മറ്റു രോഗ ലക്ഷണങ്ങളും ഉണ്ടെന്നറിയിച്ചിട്ടും ഹെല്‍ത്ത് വിഭാഗത്തിലെ പ്രതിനിധികള്‍ 12 ദിവസത്തിനു ശേഷം മാത്രം കോവിഡ് ടെസ്റ്റ് നടത്താനാണ് നിര്‍ദേശിക്കുന്നതെന്ന് കോവിഡ് ബാധിതരായ കുടുംബം പറയുന്നു. പന്ത്രണ്ട് ദിവസം വരെ മറ്റുള്ളവര്‍ ടെസ്റ്റ് നടത്തേണ്ടതില്ല, പാരസെറ്റമോള്‍ കഴിക്കാനും വീട്ടില്‍ തന്നെ കഴിയാനുമാണ് ഇവര്‍ നിര്‍ദേശിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ നാല് പേരും രോഗികളായിട്ടുള്ള കുടുംബത്തില്‍ മൂന്നു പേരും ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുന്നില്ല. ഇങ്ങനെ നിരവധി കുടുംബങ്ങള്‍. ഇതിന്റെ പ്രശ്നം, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് ആശുപത്രി സേവനം ലഭ്യമാക്കേണ്ടി വന്നാല്‍ ദുരിതമാകുമെന്നതാണ്. മാത്രമല്ല തിരുമലവാര്‍ഡ് പോലെ ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് അത്യാഹിതമായി ചികിത്സ തേടേണ്ടി വന്നാലുള്ള ദുരിതങ്ങള്‍ വേറെയും.
മലപ്പുറത്ത് രോഗ വ്യാപനം രൂക്ഷമായപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആലപ്പുഴ പോലുള്ള ജില്ലകളിലെ സ്ഥിതി തുടരുകയാണ്. ഇത് ആലപ്പുഴയിലെ ജനങ്ങള്‍ക്കിടയിലെന്നല്ല വിവിധ ജില്ലകളിലെ ജനങ്ങള്‍ക്കിടയിലും രോഗ വ്യാപനത്തിന്റെ തീവ്രത ഗൗരവമാക്കാതെ പോകുന്ന സ്ഥിതിയിലേക്കാണ് വിഴിവയ്ക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.
മരണ നിരക്കിലും തര്‍ക്കം
തിരുവനന്തപുരം മെഡിക്കല്‍ കോളജെില്‍ മെയ് 12 ന് 70 മരണം രേഖപ്പെടുത്തിയെന്ന് ഡോക്ടര്‍മാരുടെ സംഘടന വെളിപ്പെടുത്തിയിട്ടും സര്‍ക്കാര്‍ കണക്ക് അന്നേ ദിവസം 14 ആയിരുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പുറത്തുവരുന്നില്ലെന്ന ചര്‍ച്ചകള്‍ രൂക്ഷമാകുന്നതിനിടയിലാണ് ഇതും. 70 മരണങ്ങള്‍ കോവിഡ് ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന രേഖകളും ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചിരുന്നു.
ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും ശരിയായ കണക്കുകള്‍ വ്യക്തമാക്കുകയും ചെയ്യേണ്ടത് ജനങ്ങള്‍ക്കിടയില്‍ രോഗ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ക്കാണ് പ്രോത്സാഹനം നല്‍കുക.