Begin typing your search above and press return to search.
ഒരു ടീമിന് 2.5 കോടി രൂപ വരെ, കളത്തിലിറങ്ങി കോര്‍പറേറ്റ് ഗ്രൂപ്പുകള്‍; കെ.സി.എയുടെ പോക്കറ്റ് നിറയും
ഐ.പി.എല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആരംഭിക്കുന്ന ഫ്രാഞ്ചൈസി ലീഗില്‍ ടീമുകളെ സ്വന്തമാക്കി കോര്‍പറ്റേറ്റ് ഗ്രൂപ്പുകള്‍. ഒരു കോടി രൂപയായിരുന്നു ടീമുകളെ സ്വന്തമാക്കാനുള്ള അടിസ്ഥാന തുക. കണ്‍സോര്‍ഷ്യം ഉള്‍പ്പെടെ ടീമുകളെ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെത്തിയത് 13 ഗ്രൂപ്പുകളായിരുന്നു. ഇതില്‍ സാമ്പത്തിക മാനദണ്ഡം പാലിച്ചത് ഏഴ് ഗ്രൂപ്പുകളായിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ തുകയുടെ ബിഡ് സമര്‍പ്പിച്ചവര്‍ക്കാണ് 6 ടീമുകളുടെ ഫ്രാഞ്ചൈസി ലഭിച്ചത്. നടന്‍ മോഹന്‍ലാല്‍ ആണ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
ടീം വില്പനയില്‍ കിട്ടിയത് 14 കോടി
ആറ് ഫ്രാഞ്ചൈസികളുടെ വില്പനയിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പോക്കറ്റിലെത്തിയത് 14 കോടി രൂപയാണ്. ആദ്യ സീസണില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മാത്രമാകും മല്‍സരങ്ങള്‍ നടക്കുക. ലീഗ് വഴി ആദ്യ സീസണില്‍ 100 കോടി രൂപയെങ്കിലും വിപണിയിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലീഗിന്റെ സംപ്രേഷണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി രണ്ട് കോടിയോളം രൂപ കെ.സി.എ സ്റ്റാര്‍ ഗ്രൂപ്പിന് നല്‍കണം.
ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമതീരുമാനം ഇനിയും വന്നിട്ടില്ല. രഞ്ജി ട്രോഫിയില്‍ കളിക്കുമ്പോള്‍ ലഭിക്കുന്നതിലും ഉയര്‍ന്ന പ്രതിഫലം താരങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനകത്തും പുറത്തുമുള്ള 90ലധികം താരങ്ങള്‍ക്ക് വിവിധ ടീമുകളിലായി അവസരം കിട്ടും.
ടീമുകളുടെ വരുമാനം ഇങ്ങനെ
ക്രിക്കറ്റിന് നല്ല വേരോട്ടമുണ്ടെങ്കിലും ലീഗ് ലാഭത്തിലെത്താന്‍ 4-6 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. തുടക്കത്തില്‍ വരുമാനം പ്രധാനമായും ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്, ടി.വി പരസ്യം, ഗേറ്റ് കളക്ഷന്‍ എന്നിവയിലൂടെയാകും ലഭിക്കുക. മല്‍സരങ്ങള്‍ക്കിടയില്‍ പരസ്യം സംപ്രേക്ഷണം ചെയ്യാന്‍ ഫ്രാഞ്ചൈസികള്‍ക്ക് 600 സെക്കന്‍ഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് നല്‍കും.
ഓരോ മല്‍സരത്തിലും ഏറ്റുമുട്ടുന്ന ടീമുകള്‍ക്ക് ഈ സ്ലോട്ടില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് വരുമാനം നേടാന്‍ സാധിക്കും. ഓരോ മല്‍സരത്തിലും 600 സെക്കന്‍ഡുകളുടെ സ്ലോട്ട് കെ.സി.എയ്ക്കും ലഭിക്കും. ഇതില്‍ നിന്നുള്ള വരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനാണ്.
ഒരൊറ്റ സ്‌റ്റേഡിയത്തില്‍ മാത്രമായി എല്ലാ മല്‍സരങ്ങളും നടക്കുന്നതിനാല്‍ ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം നാമമാത്രമായിരിക്കും. കൊച്ചി ആസ്ഥാനമായി ഐ.പി.എല്‍ ടീം ഉണ്ടായിരുന്നപ്പോള്‍ പോലും ടിക്കറ്റ് വരുമാനം കുറവായിരുന്നു.
ടീം ഉടമകള്‍ ഇവര്‍
സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍ (ജോസ് പട്ടാറ കണ്‍സോര്‍ഷ്യം), സോഹന്‍ റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ് കണ്‍സോര്‍ഷ്യം), ടി.എസ്. കലാധരന്‍ (കണ്‍സോള്‍ ഷിപ്പിങ് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്‍ജ് മാനുവല്‍ (എനിഗ്മാറ്റിക് സ്‌മൈല്‍ റിവാര്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇ.കെ.കെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ്) എന്നിവര്‍ക്കാണ് ടീമുകളുടെ ഫ്രാഞ്ചൈസികള്‍ ലഭിച്ചത്. ടീമുകളുടെ പേരും മറ്റും പിന്നീടു തീരുമാനിക്കും. സെപ്റ്റംബര്‍ രണ്ടിനാണ് ലീഗ് ആരംഭിക്കുന്നത്.
Next Story
Videos