

സംസ്ഥാനത്തിന്റെ സാമ്പത്തികനില തകര്‍ക്കുന്ന കേന്ദ്ര നടപടികളില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും വെട്ടിക്കുറച്ച 5,200 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാമ്യമായി ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാത്തതിനാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കടമെടുപ്പ് പരിധിയില്‍ 3,323 കോടി രൂപ കുറവുചെയ്തിരുന്നു. കൂടാതെ മുന്‍ വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ 1,877 കോടി രൂപയും കടമെടുപ്പ് പരിധിയില്‍ നിന്നും കുറവുചെയ്തു. ഇവ രണ്ടും അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം.
ഐ.ജി.എസ്.ടി ബാലന്‍സില്‍ ഉണ്ടായ കുറവ് നികത്തുന്നതിനായി മുന്‍കൂട്ടി അനുവദിച്ച തുകയുടെ ക്രമീകരണമായി 965.16 കോടി രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതു ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. ദേശീയ പാതക്ക് ഭൂമി ഏറ്റെടുത്തതിന് 25 ശതമാനം സംസ്ഥാന സര്‍ക്കാരാണ് മുടക്കിയിട്ടുള്ളത്. കേന്ദ്രത്തില്‍ നിന്ന് കടമെടുത്തായിരുന്നു ഇതിനുള്ള തുക കണ്ടെത്തിയത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് കുറവ് വരുത്തിയ നടപടി പുനഃപരിശോധിക്കണം.
നിലവിലെ കടമെടുപ്പ് പരിധിക്ക് പുറമെ മറ്റു വ്യവസ്ഥകള്‍ കൂടാതെ നടപ്പുസാമ്പത്തിക വര്‍ഷം 6,000 കോടിയുടെ അധിക കടം അനുവദിക്കണമെന്നും കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2025-26) ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 18,000 കോടി രൂപ കേരളം ഇതിനോടകം കടമെടുത്തിട്ടുണ്ട്. ഡിസംബറിലേക്ക് ഇനിയും നാല് മാസം ബാക്കിയുണ്ട്. അതായത് ഓരോ മാസവും ബാക്കി വരുന്നത് 2,800 കോടി രൂപ. ഓരോ മാസവും സംസ്ഥാന സര്‍ക്കാരിന് 3,000 രൂപയെങ്കിലും അധികമായി വേണ്ടി വരുമെന്നാണ് കണക്ക്. ഇതിനൊപ്പം ഓണക്കാലവും എത്തുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് അടിയന്തര ഇടപെടല്‍ തേടി കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ കൊല്ലവും ഓണക്കാലത്ത് 4,200 കോടി രൂപ അധിക കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ വായ്പയെടുത്തയിനത്തില്‍ 80,000 കോടി രൂപയ്ക്കാണ് സംസ്ഥാനം ഗ്യാരന്റി നില്‍ക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടായി മാറ്റിവയ്ക്കണമെന്നാണ് നിബന്ധന. അങ്ങനെ ചെയ്തില്ലെങ്കില്‍ വായ്പാ പരിധിയില്‍ നിന്ന് ജി.എസ്.ഡി.പിയുടെ 0.25 ശതമാനം, അതായത് 3,300 കോടി രൂപ കുറയ്ക്കും. ഇതിന് പിന്നാലെ ജൂണില്‍ ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം പരിഗണിച്ച് ഈ തുക കൂടി വായ്പയെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഐ.ജി.എസ്.ടി വിഹിതം കൂടിപ്പോയെന്ന് കാട്ടി കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തില്‍ 956.16 കോടി രൂപയും കുറവു ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആരോപണം.
Kerala finance minister K. N. Balagopal has urged union finance minister Nirmala Sitharaman to allow ₹6,000 crore additional borrowing this fiscal and restore ₹5,200 crore cut from the state’s loan limit, citing urgent financial needs ahead of the Onam season.
Read DhanamOnline in English
Subscribe to Dhanam Magazine