Begin typing your search above and press return to search.
ഡ്രൈവിംഗ് ടെസ്റ്റില്‍ ഭൂരിഭാഗവും തോല്‍ക്കുന്നു; കാരണം എം80?
ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് എടുക്കുന്നതിന് എം80 സ്‌കൂട്ടര്‍ ഉപയോഗിക്കാനുള്ള അനുമതി ഇല്ലാതെയായതോടെ പരീക്ഷ തോല്‍ക്കുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ മുതലായിരുന്നു എം80ക്ക് പകരം ഗിയറുള്ള ബൈക്ക് ഉപയോഗിച്ച് തുടങ്ങിയത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നലെ നടന്ന ടെസ്റ്റില്‍ നിരവധി പേരാണ് തോറ്റത്.
പലരും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശീലനം നടത്തിയിരുന്നത് എം80 സ്‌കൂട്ടറിലായിരുന്നു. വേഗത നേരത്തെ സെറ്റ് ചെയ്ത ഗിയറില്ലാത്ത സ്‌കൂട്ടറില്‍ 'എട്ട്' എടുക്കുന്നത് വളരെ എളുപ്പമാണ്. ഗിയറുള്ള ബൈക്കിലേക്ക് ഡ്രൈവിംഗ് ടെസ്റ്റ് മാറിയതാണ് മിക്കവര്‍ക്കും തിരിച്ചടിയായത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ വില്ലന്‍
ടെസ്റ്റിനായി എത്തിയ പലരും ചുരുങ്ങിയ ദിവസം മാത്രമാണ് ബൈക്കില്‍ പരിശീലനം നടത്തിയത്. ടെസ്റ്റിനിടെ പലരും കാല്‍ കുത്തിയതാണ് പരാജയപ്പെടാന്‍ കാരണം. എറണാകുളം കാക്കനാട് ഇന്നലെ ടെസ്റ്റിനെത്തിയ 48 പേരില്‍ 30 പേരും പരാജയപ്പെട്ടു.
കൈകൊണ്ട് ഗിയര്‍ മാറ്റുന്ന ഇരുചക്ര വാഹനം നിലവില്‍ രാജ്യത്ത് നിര്‍മാണത്തില്‍ ഇല്ലാത്തതിനാലാണ് കാല്‍പാദം കൊണ്ട് ഗിയര്‍ മാറ്റുന്ന ബൈക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് ടെസ്റ്റിന് നിര്‍ബന്ധമാക്കിയത്.
ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് കെ.ബി ഗണേഷ് കുമാര്‍ കേരളത്തിലെ കാലഹരണപ്പെട്ട ഡ്രൈവിംഗ് പരിശീലന സമ്പ്രദായവും ലൈസന്‍സ് നല്‍കാനുള്ള ടെസ്റ്റും മാറ്റാനുള്ള തീരുമാനം എടുത്തത്. വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു.
Next Story
Videos