Begin typing your search above and press return to search.
വ്യവസായ സൗഹൃദ പട്ടികയില്‍ ടോപ് പെര്‍ഫോര്‍മറായി കേരളം, 28ല്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം
ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി കേരളം. കേന്ദ്രവ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കര്‍മ പദ്ധതിയുടെ കീഴില്‍ ഏര്‍പ്പെടുത്തിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2022ലാണ് കേരളത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2019ല്‍ 28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം 2022ല്‍ പുറത്തുവന്ന കണക്കില്‍ 15-ാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമ്പത് കാറ്റഗറികളില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം നേടി പട്ടികയില്‍ കേരളം ഒന്നാമതെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഡല്‍ഹിയില്‍ പുരസ്‌ക്കാരം സ്വീകരിച്ച ശേഷം പ്രതികരിച്ചു.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളും പരിഷ്‌കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലില്‍ ഒമ്പത് വിഭാഗങ്ങളില്‍ കേരളം മുന്നിലെത്തി. 95% ലേറെ മാര്‍ക്ക് കരസ്ഥമാക്കിയ ടോപ്പ് പെര്‍ഫോര്‍മര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നില്‍. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തേയും ആധാരമാക്കി 4 വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിംഗ് നടത്തിയത്. 95% ലേറെ മാര്‍ക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെര്‍ഫോര്‍മര്‍ പട്ടികയില്‍ ഇടം നേടിയത്. ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് 5 ഉം ഗുജറാത്തിന് 3 ഉം മേഖലകളില്‍ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. ആകെ 30 മേഖലകളില്‍ നടത്തിയ വിലയിരുത്തലില്‍ 9 മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി 'ടോപ്പ് പെര്‍ഫോര്‍മര്‍ ' ആയി. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികള്‍, റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.
ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമെന്ന് മന്ത്രി
കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗില്‍ 28 ല്‍ നിന്ന് കേരളം 15-ാം സ്ഥാനത്തേക്ക് വലിയ മുന്നേറ്റം നടത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ ഒന്നാം നിരയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ കൂടി പങ്കെടുത്ത് നടത്തിയ അവലോകനങ്ങള്‍ പുതിയ നേട്ടം കൈവരിക്കാന്‍ സഹായകമായതായി മന്ത്രി പി.രാജീവ് പറഞ്ഞു. വിവിധ വകുപ്പുകള്‍, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍, സംരംഭക സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. കേരളത്തിന്റെ നേട്ടം സംരംഭക ലോകത്തിനും ഓരോ മലയാളിക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികയില്‍ പിന്നില്‍ ഇവര്‍
വ്യവസായ സൗഹൃദ പട്ടികയില്‍ ഏറ്റവും പിന്നിലെത്തിയത് അരുണാചല്‍ പ്രദേശ്, തെലങ്കാന, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഒഡീഷ മൈനിംഗ് രംഗത്ത് വലിയ മാറ്റമുണ്ടാക്കി. കൂടുതല്‍ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് യു.പി പിന്തുടരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ (എഫ്.ഡി.ഐ) ആകര്‍ഷിക്കാന്‍ മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞു. ഓര്‍ഗാനിക്ക് ഫാമിംഗ് രംഗത്ത് സിക്കിമിന് മികച്ച നേട്ടമുണ്ടാക്കാനായി. വ്യവസായ മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ മറ്റ് സംസ്ഥാനങ്ങളിലെ നല്ലമാതൃകകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Next Story