

കേരളത്തിലെ എംപ്ലോയ്മെൻ്റ എക്സ്ചേഞ്ചുകളില്‍ 25.9 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കേരള ബജറ്റിന്റെ ഭാഗമായി നിയമസഭയില്‍ സമര്‍പ്പിച്ച 2024 സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 ജൂലൈ വരെയുള്ള കണക്കാണിത്. 2016 ഡിസംബർ 31 ന് 35.6 ലക്ഷം ആയിരുന്നത് 2023 ഡിസംബർ 31 ന് 26.33 ലക്ഷമായി കുറഞ്ഞു.
രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലന്വേഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ആകെയുള്ള തൊഴിലന്വേഷകരിൽ (2024 ജൂലൈ 31 വരെ) 64 ശതമാനമാണ് വനിതകള്‍. ഇതില്‍ എസ്. എസ്.എൽ.സി.ക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർ 6.1 ശതമാനം മാത്രമാണ് ഉളളത്. ഏകദേശം 93 ശതമാനം തൊഴിലന്വേഷകരും എസ്.എസ്.എൽ.സി യും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
പ്രൊഫഷണല്‍-സാങ്കേതിക യോഗ്യതയുള്ള തൊഴിലന്വേഷകർ 20 ലക്ഷമാണ്. ഇതില്‍ 63.3 ശതമാനം ഐ.ടി.ഐ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരാണ്. രജിസ്റ്റർ ചെയ്തവരില്‍ 35,877 പേര്‍ എഞ്ചിനീയറിംഗ് ബിരുദധാരികളും 9,024 പേര്‍ മെഡിക്കൽ ബിരുദധാരികളുമാണ്. മറ്റു പ്രൊഫഷണൽ യോഗ്യതയുളള ഉദ്യോഗാർത്ഥികള്‍ 1,57,198 പേരാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ തൊഴിലന്വേഷകർ ഉള്ളത്, തൊട്ടു പിന്നാലുളളത് കൊല്ലം ജില്ലയാണ്. തിരുവനന്തപുരം ജില്ലയിൽ ആകെ തൊഴിലന്വേഷകരുടെ എണ്ണം 4,18,671 ആണ്. ഇതിൽ 2,65,938 സ്ത്രീകളും 1,52,733 പുരുഷന്മാരും ആണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഏറ്റവും കുറവ് ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് വയനാട്ടിലാണ്. 68,529 പേരാണ് വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 35.1 ശതമാനവും നഗരപ്രദേശങ്ങളില്‍ 24.1 ശതമാനവുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine