ആലപ്പുഴയുടെ സ്വന്തം എഡ്യുടെക് ഭീമന്‍ ഐ.പി.ഒയ്ക്ക്; വെളിപ്പെടുത്തലുമായി യുവസാരഥി

കേരളത്തില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് എഡ്യുടെക് മേഖലയിലെ മുന്‍നിരക്കാരായി മാറിയ സൈലം ലേണിംഗ് ആപ്ലിക്കേഷന്‍ ഐ.പി.ഒയ്ക്ക് (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) ഒരുങ്ങുന്നു. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനന്തു ശശികുമാറിന്റേതാണ് വെളിപ്പെടുത്തല്‍. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമ്മിറ്റില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒയും എം.ഡിയുമായ ടി.വി നരേന്ദ്രനില്‍ നിന്ന് സ്വീകരിച്ച ശേഷമാണ് അനന്തുവിന്റെ പ്രഖ്യാപനം.
ഐ.പി.ഒ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് അനന്തു പറഞ്ഞു. ഒരു ലക്ഷം രൂപ പോലും കൈയിലെടുക്കാനില്ലാതെയാണ് സൈലം ആരംഭിക്കുന്നത്. എം.ബി.ബി.എസ് പഠനത്തിനിടയില്‍ സംരംഭകനാകണോ ഡോക്ടറാകണോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. പക്ഷേ 17 വയസ് മുതല്‍ അധ്യാപനത്തോട് പാഷന്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് സൈലം ആപ്പ് തുടങ്ങുന്നത്.
ബിസിനസ് എന്നതിലുപരി എത്ര പേര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ നോക്കുന്നത്. നാല് വര്‍ഷം കൊണ്ട് 50 ലക്ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞു. നിലവില്‍ 46 യൂട്യൂബ് ചാനലുകളാണ് സൈലത്തിനുള്ളത്. ഒരുപക്ഷേ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് പ്ലേ ബട്ടണുകള്‍ ഉള്ളത് സൈലത്തിനായിരിക്കും. പാവപ്പെട്ടവര്‍ക്ക് 500 വീടുകള്‍ വച്ചുനല്‍കുന്ന അടുത്ത ഹാപ്പിനസ് പ്രോജക്ട് ഉടന്‍ തുടങ്ങുമെന്നും അനന്തു വ്യക്തമാക്കി.
സൈലത്തിന്റെ വളര്‍ച്ചയുടെ കഥ
അമ്മയുടെ താലിമാല എന്ന മൂലധനവുമായി ഡോ. അനന്തു ശശികുമാര്‍ എന്ന ആലപ്പുഴക്കാരന്‍ തുടങ്ങിയ സൈലം ലേണിംഗ് ആപ്പ് നാല് വര്‍ഷം കൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി 2700 ജീവനക്കാരുള്ള സ്ഥാപനമായി വളര്‍ന്നു. മെഗാസ്റ്റാര്‍ മമ്മുട്ടി സൈലത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സെന്ററുകളിലും സ്‌കൂളുകളിലുമായി 30,000ത്തില്‍പ്പരം ഓഫ് ലൈന്‍ വിദ്യാര്‍ത്ഥികളും സൈലത്തിനുണ്ട്.
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അവരുടെ സ്വപ്നത്തിലേക്ക് എത്തിക്കാന്‍ സഹായിച്ച സൈലത്തിന്റെ പ്രവര്‍ത്തന മികവുകണ്ട് ഇന്ത്യയിലെ പ്രമുഖ എഡ് ടെക് കമ്പനിയായ ഫിസിക്സ് വാല സൈലം ലേണിംഗില്‍ 500 കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നു.
അനന്തുവിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് ഏറെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ലിജീഷ് കുമാര്‍, അക്കാഡമീഷ്യനായ ഡോ.വി.പി പ്രവീണ്‍, ഖത്തറില്‍ ബിസിനസ് സംരംഭങ്ങളുള്ള ഷവാദ് കോടമ്പാട്ടില്‍, ഫിനാന്‍സ് രംഗത്തെ വിദഗ്ധനായ വിനേഷ് കുമാര്‍ എന്നിവര്‍ കൂടിയതോടെ സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം യാഥാര്‍ത്ഥ്യമാകുകയായിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സൈലം.
Related Articles
Next Story
Videos
Share it