ഫണ്ടിനായി സർക്കാരിനെ നോക്കിയിരിക്കേണ്ട; തദ്ദേശ സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ ബോണ്ട് ഇറക്കാം; പഞ്ചായത്തുകൾക്കും ഇനി വായ്പ എടുക്കാം

ന​ഗരസഭകളേയും കോർപറേഷനുകളെയും മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ അനുവദിക്കും. നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കുമെന്നും മന്ത്രി ബാല​ഗോപാൽ.
municipal bond kerala
canva
Published on

ജനങ്ങൾക്ക് ഉപകാരപ്ര​ദമായ വൻകിട വികസന പദ്ധതികൾക്കുള്ള പണം വിപണിയിൽ നിന്നും കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇതിനായി കേരളത്തിലെ ന​ഗരസഭകളേയും കോർപറേഷനുകളെയും മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ അനുവദിക്കും. നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കുമെന്നും ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കടബാധ്യത തുടർച്ചയായി വർധിക്കുന്നതിന്റെയും പ്രതീക്ഷിച്ചതുപോലെ തനതുവരുമാനം ഉയരാത്തതിന്റേയും പശ്ചാത്തലത്തിൽ, തദ്ദേശ സ്ഥാപനങ്ങളുടെ വികസന ചെലവിന്റെ ബാധ്യതയുടെ ഒരുഭാ​ഗം ഒഴിവാക്കിയെടുക്കാനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തൽ. അതുപോലെ വികസന പ്രവർത്തനം പൂർത്തിയാക്കുന്നതിന് ഫണ്ട് ഒരു തടസ്സമാകാതെ നോക്കുവാൻ തദ്ദേശ സ്ഥാപനങ്ങളേയും ഇത് പ്രാപ്തമാക്കുന്ന നടപടിയാണ്.

ആദ്യ നീക്കം കൊച്ചി കോർപറേഷന്റേത്

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വിഭവ സമാഹരണത്തിനുള്ള മാ‌ർ​ഗമായി മുനിസിപ്പൽ ബോണ്ടുകൾ പരീക്ഷിക്കുന്നതിന് കേരളത്തിൽ ആദ്യമായി ശ്രമിച്ചത് കൊച്ചി കോർപറേഷനാണ്. ഇതിന്റെ ഭാ​ഗമായി 2025 ഏപ്രിലിൽ രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) അധ്യക്ഷനുമായി അന്നത്തെ കൊച്ചി മേയർ അനിൽ കുമാർ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ക്രെഡിറ്റ് റേറ്റിങ്സ് ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികസഹായങ്ങളുടെ അഭാവത്തിലാണ് തുടർനീക്കം മുടങ്ങിയത്.

ഈയൊരു സാഹചര്യത്തിൽ ബജറ്റിലൂടെ മുനിസിപ്പൽ ബോണ്ട് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ പ്രഖ്യാപിച്ചത് വിപണിയിൽ നിന്നുള്ള വിഭവസമാഹരണത്തിന് ന​ഗരസഭകൾക്കും കോർപറേഷനുകൾക്കും ഊർജം പകരുന്നതാണ്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളും മുനിസിപ്പൽ ബോണ്ടുകളിലൂടെ പണം കണ്ടെത്താനുള്ള സാധ്യതകൾ ആരായുന്നുണ്ട്.

കമ്പനികളുടെ സിഎസ്ആർ ഫണ്ടും പ്രയോജനപ്പെടുത്തും

നികുതി-നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനും വിപണിയിൽ നിന്നും വായ്പ എടുക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും മാർ​ഗനിർദേശം നൽകുന്നതിനുമായി ലോക്കൽ ഗവൺമെൻ്റ് ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം തത്വത്തിൽ അംഗീകരിച്ചതായി ബജറ്റിൽ വ്യക്തമാക്കി.

അതുപോലെ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് (CSR Fund) ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും ബോർഡ് ഓഫ് ഫിനാൻസ് മുൻകയ്യെടുക്കുമെന്നും ധനമന്ത്രി ബാല​ഗോപാൽ പറഞ്ഞു. കൂടാതെ പ്രാദേശിക സർക്കാരുകളുടെ വികസന പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതികമികവും ഉറപ്പുവരുത്താൻ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. ഇതിനായി ജില്ലാ ആസൂത്രണ സമിതികൾക്ക് പ്രതിവർഷം 10 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വി​ഹിതം വർധിപ്പിച്ചു

തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 2026-27 സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുള്ള ജനറൽ പർപ്പസ് ഫണ്ട് ഇനത്തിൽ 3,236.76 കോടി രൂപയും മെയിൻ്റനൻസ് ഫണ്ട് ഇനത്തിൽ 4315.69 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് 2025-26 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 786.96 കോടി രൂപ അധികമാണ്.

2026-27ലേക്കുള്ള സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം വരുന്ന 10,189 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കുള്ള വികസന ഫണ്ടായി നീക്കിവെക്കുന്നു. ഇതിലൂടെ വികസന ഫണ്ട് 9,100 കോടി രൂപയിൽ നിന്ന് 10,189 കോടി രൂപയായി വർദ്ധിക്കും. അതായത് 1,089 കോടി രൂപയുടെ (11.96%) വർദ്ധനവാണ് വകയിരുത്തിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com