കൊച്ചിയില്‍ നിന്ന് ചൈനയിലേക്ക് വിമാന സര്‍വീസ് വേണം, ആവശ്യവുമായി കേരളത്തിലെ കയറ്റുമതി സംഘടനകള്‍

ഈ മാസം 26 മുതല്‍ കൊല്‍ക്കത്തയില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
airport
airportCanva
Published on

കൊച്ചി വിമാനത്താവളത്തില്‍ നിന്ന്‌ ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കയറ്റുമതിക്കാരുടെ സംഘടന. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്കിടയാണ് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന്റെ നീക്കം. ഈ മാസം 26 മുതല്‍ കൊല്‍ക്കത്തയില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു.

നിലവില്‍ വ്യാപാര ആവശ്യങ്ങള്‍ക്കായും അല്ലാതെയും ചൈനയിലേക്ക് പോകുന്ന ഇന്ത്യയിലെ യാത്രക്കാര്‍ എയര്‍ ഏഷ്യ, തായ് എയര്‍വേയ്‌സ് , ശ്രീലങ്കന്‍ എയര്‍വെയ്‌സ് തുടങ്ങിയ വിമാന സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. കൊളംബോ, സിംഗപ്പൂര്‍ പോലുള്ള വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കാത്തിരുന്നാലേ ചൈനയിലേക്ക് വിമാനം ലഭിക്കൂ. ഇത് സമയനഷ്ടത്തിനും അമിത ചെലവിനും ഇടയാക്കുന്നതായി കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുര്‍ഷിദ് അലി കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ജി മനുവിന് അയച്ച കത്തില്‍ പറയുന്നു. കൂടിക്കാഴ്ചകള്‍ക്കും യോഗങ്ങള്‍ക്കും കൃത്യസമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ കേരളത്തിന്റെ വ്യാവസായിക വ്യാപാര വളര്‍ച്ചയ്ക്കും ഇത് തടസമാകുന്നു . ഇക്കാരണത്താല്‍ ചൈനയിലെ ഗുവാന്‍ഷോ (Guangzhou) , ഷെന്‍ഷന്‍ (Shenzhen) എന്നീ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് ഫെയറുകളിലൊന്നായ കാന്റണ്‍ ഫെയറില്‍ പങ്കെടുക്കാനും കേരളത്തില്‍നിന്ന് നിരവധിപേര്‍ ചൈനയില്‍ എത്താറുണ്ട്. കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചാല്‍ ഇവര്‍ക്കും ഏറെ പ്രയോജനം ആകുമെന്നാണ് ഏക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം പറയുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് 2020ല്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത് എന്നാല്‍ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര വ്യാപാരബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെയാണ് വിമാന സര്‍വീസും ആരംഭിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com