

കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി വമ്പന്‍ പദ്ധതിക്ക് തുടക്കമാകുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'കേര' (KERA) പദ്ധതിയുടെ ഭാഗമായാണ് 333 കോടി രൂപ ചെലവില്‍ 'ഫാം ടു ഗ്ലോബല്‍ മാര്‍ക്കറ്റിംഗ്' രീതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 150 കര്‍ഷക ഉല്‍പാദന സഖ്യങ്ങള്‍ രൂപീകരിക്കും. കേരളത്തിലെ കര്‍ഷക ഉല്‍പാദക കമ്പനികളും കാര്‍ഷിക സംരംഭകരും കേര പദ്ധതിയുമായി കൈകോര്‍ക്കുന്ന ത്രികക്ഷി കരാറിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്.
കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുകയും ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഗുണനിലവാരമുള്ള കേരളീയ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്രൊഡക്ടീവ് അലയന്‍സ് സംബന്ധിച്ച് കേരളത്തിലെ കര്‍ഷക ഉല്‍പ്പാദക കമ്പനികളുടെ പ്രതിനിധികള്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കുമായി തിരുവനന്തപുരം സമേതിയില്‍ നടത്തിയ സംസ്ഥാന തല ശില്പശാല കേര പ്രൊജക്റ്റ് ഡയറക്ടറും കാര്‍ഷികോല്‍പ്പാദന കമീഷണറുമായ മിന്‍ഹാജ് ആലം ഉദ്ഘാടനം ചെയ്തു.
ശില്പശാലയുടെ ഭാഗമായി സംഥാനത്തിന്റെ വടക്കന്‍-മധ്യ മേഖലകളിലുള്ള 9 കാര്‍ഷിക ഉത്പാദന കമ്പനികളും കാര്‍ഷിക സംരംഭകരും തമ്മിലുള്ള ഉത്പാദനസഖ്യങ്ങള്‍ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള കരട് ബിസിനസ് പ്ലാനുകള്‍ രൂപീകരിച്ചു.
റബര്‍, പഴം, പച്ചക്കറികള്‍, തേങ്ങ, കൊക്കോ, നെല്ല്, വാഴപ്പഴം, മഞ്ഞള്‍, ഇഞ്ചി എന്നീ കാര്‍ഷിക ഉത്പന്നങ്ങള്‍ കേന്ദ്രീകരിച്ചാണ് സഖ്യങ്ങള്‍ രൂപീകരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine