
സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കൂടി വിമാനമിറങ്ങാനുള്ള സാധ്യത തെളിയുന്നു. ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ മന്ത്രിസഭാ തീരുമാനം. ഗതാഗത, എഞ്ചിനീയറിംഗ് കമ്പനിയായ റൈറ്റ്‌സും കിഫ്ബിയുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കിഫ്‌കോണും ചേര്‍ന്ന സംയുക്ത സംരംഭത്തിനാണ് ചുമതല. എയര്‍ സ്ട്രിപ്പിനാവശ്യമായ സ്ഥലം എത്രയും വേഗം കണ്ടെത്താന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പെരിയ, വയനാട്ടിലെ കല്‍പ്പറ്റ, ഇടുക്കിയിലെ ഒരു സ്ഥലം എന്നിവിടങ്ങളിലാണ് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിലവില്‍ ഒരു എയര്‍ സ്ട്രിപ്പുണ്ട്. എന്‍.സി.സി സ്ഥാപിച്ച ഈ എയര്‍ സ്ട്രിപ്പ് എയര്‍ വിംഗ് കേഡറ്റുകളുടെ പരിശീലനത്തിനായാണ് ഉപയോഗിക്കുന്നത്. 800 മീറ്റര്‍ റണ്‍വേയും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും വാച്ച് ടവറുമൊക്കെ ഇവിടെ നിര്‍മിച്ചിട്ടുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി വ്യോമസേനയുടെ ഹെലിക്കോപ്ടറും ചെറുവിമാനവും ഇവിടെ ലാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വനം വകുപ്പിന്റെ എതിര്‍പ്പ് കാരണം കൂടുതല്‍ നവീകരണം നടത്താന്‍ ഇവിടെ സാധ്യമല്ല. തുടര്‍ന്നാണ് എയര്‍ സ്ട്രിപ്പിന് മറ്റൊരു സ്ഥലം കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജില്ലയിലെ പെരിയ വില്ലേജില്‍ കനിംകുണ്ടില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കാന്‍ 2011ലാണ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുന്നത്. സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല. സ്വകാര്യ-സര്‍ക്കാര്‍ ഭൂമിയടക്കം 80.41 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്. കാസര്‍ഗോഡ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കലിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്. നിലവില്‍ ഇവിടേക്കെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികള്‍ കരിപ്പൂര്‍, മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങി റോഡ്, ട്രെയിന്‍ മാര്‍ഗമാണ് ഇവിടേക്കെത്തുന്നത്.
മലനിരകള്‍ ഏറെയുള്ള വയനാട്ടില്‍ വിമാനമിറങ്ങാനുള്ള 1,800 മീറ്റര്‍ സ്ഥലം കണ്ടെത്തുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 2023ല്‍ കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഭൂപ്രകൃതി വെല്ലുവിളിയായതോടെ ഉപേക്ഷിച്ചു. കാര്‍ഷിക -വനഭൂമിയും ഇതിനായി ഉപയോഗിക്കേണ്ടെന്നാണ് ധാരണ. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളുടെ സാമീപ്യമാണ് സ്ഥലം കണ്ടെത്താനുള്ള മറ്റൊരു വെല്ലുവിളി. നിലവിലുള്ള വിമാനത്താവളങ്ങളുടെ നിശ്ചിത പരിധിക്കുള്ളില്‍ പുതിയ വിമാനത്താവളങ്ങള്‍ പറ്റില്ലെന്നാണ് ഡി.ജി.സി.എയുടെ ചട്ടം. നിലവില്‍ കാരാപ്പുഴ റിസര്‍വോയറിന്റേത് അടക്കമുള്ള ഭൂമിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് വിവരം.
കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമായ കോട്ടയം ജില്ലയിലെ ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് പുറമെയാണ് മൂന്ന് എയര്‍ സ്ട്രിപ്പുകള്‍ കൂടി സ്ഥാപിക്കുന്നത്. ഇവിടങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വലിയ ടൂറിസം-വ്യാപാര സാധ്യതകള്‍ കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രാദേശിക യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രപദ്ധതിയായ ഉഡാന്‍ (UDAN) പ്രയോജനപ്പെടുത്താനായാല്‍ ടിക്കറ്റ് ചാര്‍ജും ഗണ്യമായി കുറയും. എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി നേരത്തെ 20 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇക്കഴിഞ്ഞ ബജറ്റില്‍ 1.5 കോടി രൂപ കൂടി വകയിരുത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയാല്‍ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine