സര്‍ക്കാര്‍ പണമിടപാടുകള്‍ക്ക് ഇനി മൊബൈല്‍ മതി; യു.പി.ഐ വഴി പണം അടയ്ക്കാം

സ്മാര്‍ട്ട്ഫോണുകളുടെ പ്രചാരം വര്‍ധിച്ചതോടെ ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കടകളിലും ബിസിനസ് സ്ഥാപനങ്ങളിലും പണം സംബന്ധിച്ച ക്രയവിക്രയങ്ങള്‍ നടത്തുന്നത് യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയാണ്. എന്നാല്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും പണമിടപാട് നടത്തുമ്പോള്‍ നമ്മള്‍ ഇപ്പോഴും പരമ്പരാഗത മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. ഇതിന് മാറ്റം വന്നിരിക്കുകയാണ്. ധനവകുപ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ യു.പി.ഐ പണമിടപാടുകള്‍ നടത്താം എന്ന അറിയിച്ച് ഉത്തരവിറക്കി.
ഡിജിറ്റല്‍ കറന്‍സി കൂടുതല്‍ പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ പേ, പേയ്ടിഎം തുടങ്ങിയ സംവിധാനങ്ങളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ മാറിയിരുന്നു. ചായ വില്‍ക്കുന്ന ചെറിയ കടകള്‍ മുതല്‍ ലുലു മാള്‍ പോലുളള വലിയ ഷോപ്പിംഗ് മാളുകളില്‍ വരെ ഭൂരിഭാഗം പണമിടപാകളും നടക്കുന്നത് ഇപ്പോള്‍ യു.പി.ഐ വഴിയാണ്. ഇതോടെ കേരള സര്‍ക്കാരും ഇത്തരം പണമിടപാടുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം സജീവമായി പരിഗണിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ധനവകുപ്പിനോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജൂലൈ ആദ്യ വാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ മൂലം ഇത് നീണ്ടുപോകുകയായിരുന്നു.
അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ പോകേണ്ടിതില്ല
ധനവകുപ്പ് ഉത്തരവ് ഇറങ്ങിയതോടെ ഇനി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യു.പി.ഐ വഴി പണം അടയ്ക്കാന്‍ സാധിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരും. ഇ-രസീതുകള്‍ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ എത്തിയാണ് ഇപ്പോള്‍ ജനങ്ങള്‍ സര്‍ക്കാര്‍ പണമിടപാടുകള്‍ നടത്തിയിരുന്നത്. ഇനി അതത് സര്‍ക്കാര്‍ ഓഫീസുകളില്‍ തന്നെ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ പെയ്മെന്റുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിലോ ട്രഷറിയിലോ ഇനി ആവശ്യക്കാര്‍ക്ക് പോകേണ്ടി വരില്ല.
2018 ൽ തന്നെ ഇതുസംബന്ധിച്ച് നിർദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു എങ്കിലും പല വകുപ്പുകളും ഇപ്പോഴും രൊക്കം പണമായാണ് ഫീസുകളും മറ്റും സ്വീകരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
യു.പി.ഐ മാര്‍ഗത്തിലൂടെ പണം അടയ്ക്കാന്‍ എല്ലാ സർക്കാർ ഓഫീസുകളിലും ക്യു.ആർ കോഡ് പ്രദർശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം അതത് വകുപ്പുകളും ധനവകുപ്പും യോജിച്ച് ഒരുക്കും.

Related Articles

Next Story

Videos

Share it