അത്യാധുനിക ഡ്രോണുകളും ലൈഫ് ഡിറ്റക്ടറുകളും എത്തുന്നു, മഴക്കാലം നേരിടാൻ വന്‍ മുന്നൊരുക്കങ്ങളുമായി അഗ്നിശമന സേന

പ്രകൃതി ദുരന്തങ്ങളിൽ മാത്രമല്ല കെട്ടിട തകർച്ച പോലുള്ള സംഭവങ്ങളിലും ഇത് ഉപയോഗിക്കാൻ സാധിക്കും
Kerala Fire and Rescue department
Image courtesy: fire.kerala.gov.in
Published on

മണ്‍സൂണ്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം മഴക്കാലം കേരളത്തിന് വലിയ ദുഃഖമാണ് നല്‍കിയത്. വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 298 പേര്‍ക്കാണ് കഴിഞ്ഞ വർഷം ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനെ തുടര്‍ന്ന് മഴക്കാലത്തിന് മുന്നോടിയായി മികച്ച രക്ഷാപ്രവർത്തന ഉപകരണങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് സംസ്ഥാന അഗ്നിശമന സേന വകുപ്പ്.

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഡ്രോണുകളും സ്നിഫർ നായ്ക്കളുമാണ് ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇതിന് പരിഹാരമെന്ന നിലയില്‍ അത്യാധുനിക ഡ്രോണുകളും ലൈഫ് ഡിറ്റക്ടറുകളും വാങ്ങാനാണ് വകുപ്പ് ഒരുങ്ങുന്നത്. ഭാവിയിലെ ദുരന്ത നിവാരണത്തിനായി ഈ നൂതന ഉപകരണങ്ങൾ സഹായകരമാകുമെന്നാണ് കരുതുന്നത്.

89.9 ലക്ഷം രൂപ വിലയുള്ള രണ്ട് ലൈഫ് ഡിറ്റക്ടറുകൾ വാങ്ങാൻ വകുപ്പ് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. നൂതന സെൻസറുകൾ ഉപയോഗിച്ചുളള ഈ ഡിറ്റക്ടറുകള്‍ക്ക് ചെറിയ വൈബ്രേഷനുകൾ പോലും കണ്ടെത്താന്‍ സാധിക്കും. പ്രകൃതി ദുരന്തങ്ങളിൽ മാത്രമല്ല കെട്ടിട തകർച്ച പോലുള്ള സംഭവങ്ങളിലും ഇത് ഉപയോഗിക്കാൻ സാധിക്കും.

രക്ഷാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 7.5 ലക്ഷം രൂപ വിലവരുന്ന രണ്ട് ഏരിയൽ ഡ്രോണുകളും വകുപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. കനത്ത മഴ ഉൾപ്പെടെ എല്ലാ കാലാവസ്ഥയിലും ഫലപ്രദമായി പ്രവർത്തിക്കാന്‍ സാധിക്കുന്നതായിരിക്കും ഡ്രോണുകൾ. തീ നിയന്ത്രണ ശ്രമങ്ങളിലും ഡ്രോണുകൾ ഉപയോഗപ്രദമായിരിക്കും.

മഴക്കാലത്ത് ഉണ്ടാകാനിടയുളള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മഴക്കാലത്ത് അപകടസാധ്യതയുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളിൽ കൂടുതൽ യൂണിറ്റുകൾ വിന്യസിക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്.

Kerala Fire and Rescue gears up for monsoon with advanced drones and life detectors for disaster management.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com