മാലിന്യ കൂമ്പാരം പഴങ്കഥ! ഇനി ഇവിടം ഇ.വി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്; ലോകോത്തര കമ്പനികള്‍ വിളപ്പില്‍ശാലയിലേക്ക്

ഇലക്ട്രിക് വാഹന രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തിരുവനന്തപുരം വിളപ്പില്‍ശാലയില്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ട്രിവാന്‍ഡ്രം എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്കിന്റെ(TrEST) ഉടമസ്ഥതയിലുള്ള 23 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കുക. ഒരു കാലത്ത് തിരുവനന്തപുരം നഗരത്തിലെ മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള ഇടമായിരുന്നു വിളപ്പില്‍ശാല.നാട്ടുകാരുടെ നിരന്തര സമരങ്ങള്‍ക്കൊടുവില്‍ ഇവിടുത്തെ മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടുകയും 100 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് എ.പി.ജെ അബ്ദുല്‍ കലാം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും ട്രെസ്റ്റിന് കൈമാറിയ 23 ഏക്കറിലാണ് പാര്‍ക്ക് ഒരുങ്ങുക.

ഇവി രംഗത്തിന് കുതിപ്പാകും

ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളറുകള്‍, ചാര്‍ജിംഗ് സംവിധാനം, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണവും നിര്‍മാണവുമായിരിക്കും ഇവിടെ നടക്കുക. വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്ന വിധത്തിലായിരുക്കും പാര്‍ക്ക് തയ്യാറാക്കുക. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍, വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) എന്നിവ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ കണ്ടെത്താനുള്ള പ്രൊപ്പോസല്‍ ട്രെസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന്റെ സാമിപ്യം പാര്‍ക്കിന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്ന് കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ് ധനം ഓണ്‍ലൈനോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇവി ഉപകരണ കയറ്റുമതി രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാകും. നിരവധി വന്‍കിട കമ്പനികള്‍ പാര്‍ക്കിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സംരംഭങ്ങള്‍ക്ക് മികച്ച അവസരം

ഇ-മൊബിലിറ്റി, എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ഡിവൈസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയും കമ്പനികളെയും പാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്ന ചുമതലയും കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാനാണ് ധാരണ. ഈ മേഖലകളിലെ വൈദഗ്ധ്യവും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിലെ പരിചയവുമാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 22 വരെ ഇത് സംബന്ധിച്ച പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാവുന്നതാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, സി-ഡാക്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്, ട്രെസ്റ്റ് എന്നിവര്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇവി നിര്‍മാണത്തിന് ഉപയോഗിക്കുന്ന 60-70 ശതമാനം വരെ ഘടകങ്ങളും കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് കണ്‍സോര്‍ഷ്യത്തിന്റെ ചുമതല. അടുത്ത വര്‍ഷം അവസാനത്തോടെ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.
Related Articles
Next Story
Videos
Share it