കേരളത്തിലെ ആദ്യ ലോജിസ്റ്റിക്‌സ് ടൗണ്‍ഷിപ്പ് വിഴിഞ്ഞത്ത്, വന്‍ നിക്ഷേപ-തൊഴിലവസരങ്ങള്‍

ജനങ്ങളില്‍ നിന്നും നിര്‍ബന്ധിച്ച് ഭൂമിയേറ്റെടുക്കില്ല, ലാന്‍ഡ് പൂളിംഗിലൂടെ കണ്ടെത്തും
Logistics parks in kerala
image credit : canva
Published on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ലോജിസ്റ്റിക്‌സ് ടൗണ്‍ ഷിപ്പ് ഉയരും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ലോജിസ്റ്റിക്‌സ്, മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകളുടെ ശൃംഖലയാണ് ഒരുക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം പ്രത്യേക വികസന ഇടനാഴി (ഔട്ടര്‍ ഗ്രോത്ത് കോറിഡോര്‍) പദ്ധതിയുടെ ഭാഗമായ ആദ്യ ടൗണ്‍ഷിപ്പാണിത്. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങളും കോടികളുടെ നിക്ഷേപ സാധ്യതകളും ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്‍കിയ ലോജിസ്റ്റിക്‌സ് പാര്‍ക്ക് പോളിസിയിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം

ലാന്‍ഡ് പൂളിംഗിലൂടെ 1,500 ഏക്കര്‍ ഭൂമിയേറ്റെടുക്കും

ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി നെയ്യാറ്റിന്‍കര താലൂക്കിലെ ബാലരാമപുരം, കോട്ടുകാല്‍, വിഴിഞ്ഞം വില്ലേജുകളിലും തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂര്‍ വില്ലേജിലുമായി 1,500 ഏക്കറോളം ഭൂമി ഏറ്റെടുക്കും. ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി ഭൂമി ഉപയോഗിക്കുന്ന ലാന്‍ഡ് പൂളിംഗ് രീതിയിലാണ് ഭൂമിയേറ്റെടുക്കല്‍. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. നിര്‍ബന്ധിച്ച് ഭൂമിയേറ്റെടുക്കില്ല. ഭൂവുടമകളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം 75 ശതമാനം പേരുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കൂ. ഭൂവുടമകള്‍ക്ക് കൂടി ഗുണഫലം ലഭിക്കുന്ന രീതിയിലാകും പദ്ധതികള്‍ തയ്യാറാക്കുന്നത്.

പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം

അടുത്തിടെ മന്ത്രിസഭ അംഗീകാരം നല്‍കിയ ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയം അനുസരിച്ച് 10 ഏക്കറില്‍ വലിയ ലോജിസ്റ്റിക്‌സ് പാര്‍ക്കുകളും അഞ്ച് ഏക്കറില്‍ മിനി പാര്‍ക്കുകളും സ്ഥാപിക്കാം. ഏകജാലക ക്ലിയറന്‍സിലൂടെ ആവശ്യമായ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കും. വലിയ പാര്‍ക്കിന് 7 കോടി വരെയും ചെറുതിന് 3 കോടി രൂപ വരെയും മൂലധന സബ്‌സിഡി നല്‍കും. ഭൂമിയേറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും പൂര്‍ണമായും ഒഴിവാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലും പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തിലും പാര്‍ക്കുകള്‍ തുടങ്ങാനുള്ള അനുമതി നല്‍കുമെന്നും നയത്തില്‍ പറയുന്നു.

ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ എന്തിന്

ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രത്യേക വ്യവസായ മേഖലയാണ് ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍. വിവിധ ഉത്പന്നങ്ങളുടെ ശേഖരണം, മാനേജ്‌മെന്റ്, വിതരണം, ഗതാഗതം തുടങ്ങിയവയ്ക്ക് വേണ്ടി ആരംഭിച്ച പ്രത്യേക യൂണിറ്റുകളാണിവ. പ്രാദേശിക, അന്താരാഷ്ട്ര വിപണിയിലേക്ക് വരെ അതിവേഗത്തില്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കമ്പനികള്‍ക്ക് ഇത്തരം പാര്‍ക്കിലൂടെ കഴിയും. ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാത്തരം സേവനങ്ങളും നല്‍കുന്ന കമ്പനികള്‍ ഈ പാര്‍ക്കിലുണ്ടാകും. കടല്‍, റെയില്‍, റോഡ്, ആകാശ മാര്‍ഗങ്ങളിലൂടെയുള്ള ചരക്കുനീക്കം എളുപ്പത്തില്‍ സാധ്യമാകുന്ന സ്ഥലങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, റെയില്‍ ശൃംഖല, ദേശീയ-സംസ്ഥാന പാതകള്‍, പുതുതായി നിര്‍മിക്കുന്ന ഔട്ടര്‍ റിംഗ് കോറിഡോര്‍ റോഡ്, തിരുവനന്തപുരം വിമാനത്താവളം എന്നിവ കിലോമീറ്ററുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നത് പ്രദേശത്തിന് ഗുണകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com