

കൊച്ചി: പ്രകൃതി ദുരന്തങ്ങളെയും മറ്റ് അടിയന്തര സാഹചര്യങ്ങളെയും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് ഓരോ നിയോജനകമണ്ഡലത്തിലും അടിയന്തര പ്രാധാന്യത്തോടെ ദുരന്ത നിവാരണ സംഘത്തെ സജ്ജമാക്കണമെന്ന് ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് (ബികെആര്‍ജി).
വെള്ളപ്പൊക്കം, ഭൂകമ്പം, തീപിടുത്തം, സ്‌ഫോടനങ്ങള്‍, ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കല്‍ വേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ എന്നിവ നേരിടാന്‍ കുറഞ്ഞത് 100 വിദഗ്ധരടങ്ങുന്ന സംഘത്തെ സജ്ജമാക്കണമെന്നാണ് ബികെആര്‍ജി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ ഒരു പ്രധാന നിര്‍ദേശം.
ഓരോ ദുരന്തഘട്ടത്തെയും അഭിമുഖീകരിക്കാന്‍ കൃത്യമായ പരിശീലനം നല്‍കി സജ്ജമാക്കുന്ന ഈ സംഘത്തിന് മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആപല്‍ഘട്ടങ്ങള്‍ നേരിടാനുള്ള നൈപുണ്യ വികസനം സ്‌കൂള്‍, കോളെജ്, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ബികെആര്‍ജി വേണ്ടി മുന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി പി സി സിറിയക് മുഖ്യമന്ത്രിക്ക് കൈമാറിയ മെമ്മോറാണ്ടത്തില്‍ നിര്‍ദേശിക്കുന്നു.
സമീപകാലത്ത് നാം സാക്ഷ്യം വഹിച്ച വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ സമാന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ചുരുങ്ങിയത് 6-10 യന്ത്രവല്‍കൃത ചെറുവള്ളങ്ങളോ ബോട്ടുകളോ നിര്‍ബന്ധമായും സജ്ജമാക്കണമെന്ന് ബികെആര്‍ജി പ്രസിഡന്റ് എസ്. ഗോപകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതി ദുരന്തങ്ങളില്‍ നിന്നടക്കം സംരംക്ഷണം നല്‍കുന്ന ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍, ഇന്‍ഷുറന്‍സ് കമ്പനികളുമായി യോജിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സെക്രട്ടറി ഷേര്‍ളി ചാക്കോ അഭിപ്രായപ്പെട്ടു.
ജുഡീഷ്യറി, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ബിസിനസ് സാരഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിലെ വിവിധതുറകളില്‍ പെട്ട മുതിര്‍ന്ന വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ബികെആര്‍ജി, കൊച്ചിയുടെയും സംസ്ഥാനത്തിന്റെയും ത്വരിത വികസനം സാധ്യമാക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ്.
വെള്ളപ്പൊക്കത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്കും വാസയോഗ്യമാക്കാന്‍ കാര്യമായ അറ്റകുറ്റപണി വേണ്ടവര്‍ക്കും സര്‍ക്കാര്‍/ എന്‍ജിഒകള്‍/ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ മതിയായ പിന്തുണ ഉറപ്പാക്കുക.
സ്വന്തം വീടുകള്‍ വാസയോഗ്യമായി തിരിച്ചുപോകും വരെ ഇവര്‍ക്ക് ആര്‍മി ഡോര്‍മിറ്ററികള്‍, ബാരക്കുകള്‍, കണ്ടെയ്‌നര്‍ യൂണിറ്റുകള്‍ തുടങ്ങിയവപോലുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് തിരികെയെത്തുന്നവരില്‍ പലരും അനാരോഗ്യകരമായ സാഹചര്യങ്ങളെ തുടര്‍ന്ന് രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോ മറ്റ് മെഡിക്കല്‍ അസോസിയേഷനുകളുമായോ സഹകരിച്ച് നടപടികള്‍ സ്വീകരിക്കുക.
അതുപോലെ തന്നെ ജീവിതത്തില്‍ മൂല്യമേറിയ പലതും നഷ്ടപ്പെട്ടവര്‍ക്ക് അത് താങ്ങാന്‍ കരുത്തുണ്ടാകണമെന്നില്ല. ഇത്തരക്കാര്‍ക്ക് അനുയോജ്യമായ കൗണ്‍സലിംഗ് ലഭ്യമാക്കുക.
സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ തനിയെ കൈകാര്യം ചെയ്യാന്‍ ആകാത്തതിനപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തി എന്നിരിക്കെ സംസ്ഥാനത്തെ കരകയറ്റാനുള്ള പദ്ധതികളില്‍ കോര്‍പ്പറേറ്റുകള്‍, വ്യവസായ, വാണിജ്യ സംഘടനകള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവരെ കൂടി ഉള്‍ച്ചേര്‍ക്കുക.
സംസ്ഥാനത്തെ പ്രൊഫഷണല്‍ ഏജന്‍സികളായ സിഐഐ, റോട്ടറി, ലയണ്‍സ് ഇന്റര്‍നാഷണല്‍ തുടങ്ങിയവ ഇതിനകം പ്രളയദുരന്തബാധിതരെ പുരധിവസിപ്പിക്കാന്‍ വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായുള്ള നിര്‍ബന്ധിത വിഹിതം പുരനധിവാസപ്രവര്‍ത്തനങ്ങള്‍ക്കാ യി വിനിയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുക. കൃത്യമായ ഏകോപനം ഇക്കാര്യങ്ങളില്‍ ഉറപ്പാക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine