

ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു ഇന്ന് നിയമസഭയില്‍ പറഞ്ഞു. ദേശീയപാത 66 ന്റെ വികസനത്തിന് 5580 കോടി രൂപ സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകി.
അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ബിന്ദു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുവേണ്ടിയാണ് ആര്‍. ബിന്ദു മറുപടി നല്‍കിയത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് 1629.24 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ബാധ്യത. എൻ.എച്ച്. 544 ലെ എറണാകുളം ബൈപ്പാസിന് 424 കോടി രൂപയുടെ ബാധ്യതയും കേരളം ഏറ്റെടുത്തു.
കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്ക് 317.35 കോടി രൂപയുടെ ചെലവാണ് സംസ്ഥാനം വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാമെന്നാണ് കേരളം സമ്മതിച്ചത്.
ദേശീയപാത 544 ലെ എറണാകുളം ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കുന്നതാണ്. ഉടമകളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഹിയറിങ് നടത്തും.
ആശങ്കകൾ പരിഹരിച്ചതിനു ശേഷം മാത്രമാണ് 3 ഡി നോട്ടിഫിക്കേഷനുണ്ടാകുകയെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുളളതായും മന്ത്രി ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine