മെഡിക്കല്‍ ടൂറിസം വഴി 100 കോടിയുടെ വരുമാനം; കേരളം മാതൃകയാക്കണം തായ്‌ലന്‍ഡിനെ

സംസ്ഥാനത്തെ മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ വരുമാനം ഉണ്ടാക്കാന്‍ കേരളത്തിലെ ആധുനിക ആരോഗ്യ മേഖലയ്ക്ക് കഴിയുമെന്ന് ആരോഗ്യ ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തെ മെഡിക്കല്‍ വാല്യൂ ടൂറിസം സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയിലും കേരള ഹെല്‍ത്ത് ടൂറിസം പതിപ്പിലും പങ്കെടുത്തവരാണ് കേരളത്തിന് ഗുണകരമായ സാധ്യതകളെക്കുറിച്ച് സംസാരിച്ചത്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മിഡില്‍ ഈസ്റ്റ് മേഖലയുമായുള്ള ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കണം. ആധുനിക ചികിത്സ തേടി കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ വരുന്നത് ഒമാനില്‍ നിന്നാണെന്നും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിഹാജ് ജി മുഹമ്മദ് പറഞ്ഞു.

മാതൃകയാക്കാം തായ്‌ലന്‍ഡിനെ

തായ്‌ലന്‍ഡ് ഓരോ വര്‍ഷവും മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍ നിന്ന് 15 ബില്യണ്‍ ഡോളര്‍ സമ്പാദിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ കേരളത്തിന്റെ കരുത്ത് ഈ മേഖലയിലെ വളര്‍ച്ചാ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ആയുഷ് മന്ത്രാലയത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയും കേരള ഹെല്‍ത്ത് ടൂറിസവും സംഘടപ്പിച്ചത്. 18 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

Related Articles
Next Story
Videos
Share it