സ്വര്‍ണക്കുതിപ്പ് സ്വന്തം റെക്കോഡ് തിരുത്താനോ? ഇന്ന് കൂടിയത് 120 രൂപ, മാറ്റമില്ലാതെ ഫെഡ് നിരക്ക്, ശക്തിയാര്‍ജ്ജിച്ച് ഡോളര്‍, മിഡില്‍ ഈസ്റ്റില്‍ ആശങ്ക

പവന് 74,560 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില
gold and trump
Published on

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,265 രൂപയിലെത്തി. പവന് 120 രൂപ കൂടി 74,120 രൂപയിലുമെത്തി. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,600 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 118 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. പവന് 74,560 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങല്‍ തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ഈ റെക്കോഡ് ഭേദിക്കുമെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവില താഴോട്ടാണ്. അരശതമാനത്തോളം താഴ്ന്ന് ഔണ്‍സിന് 3,372 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ അമേരിക്കന്‍ പലിശ നിരക്കുകള്‍ക്ക് മാറ്റമില്ലെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നതാണ് പ്രധാന കാരണം. നിലവിലെ 4.25-4.5 ശതമാനം തന്നെ തുടരാനാണ് ഫെഡ് തീരുമാനം. അടുത്ത നിരക്ക് വര്‍ധന എപ്പോഴെന്ന സൂചനയും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ നല്‍കിയില്ല. എന്നാല്‍ പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങള്‍ മൂലം പണപ്പെരുപ്പ നിരക്ക് കൂടുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാണ് പലിശ നിരക്കില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുത്തായി ഡോളർ

ഇതോടെ അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു. ഡോളര്‍ സൂചിക 0.20 ശതമാനം വര്‍ധിച്ചു. പിന്നാലെ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവും കൂടി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും.

മിഡില്‍ ഈസ്റ്റിലെന്ത്?

മറുവശത്ത് മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി രൂക്ഷമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ഇറാന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താനുള്ള അവസരം നഷ്ടമായെന്നും അടുത്ത ആഴ്ചയില്‍ വലുതെന്തോ വരാനുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം മേഖലയെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും റഷ്യ നിലപാടെടുത്തതും ആശങ്കക്ക് കാരണമായിട്ടുണ്ട്. ഇസ്രയേല്‍ പക്ഷത്ത് യു.എസ് ചേര്‍ന്നാല്‍ ഇറാനൊപ്പവും ചേരാന്‍ രാജ്യങ്ങളുണ്ടാകും. ഇത് വലിയ യുദ്ധങ്ങളിലേക്ക് വഴിവെക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,120 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് 80,214 രൂപയെങ്കിലും വേണം.

Gold prices in Kerala on June 19, 2025, rose slightly with 22K gold priced at ₹9,265 per gram and 24K gold crossing ₹10,100.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com