ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില കുറഞ്ഞത് 2,320 രൂപ! ഡോളറിന്റെ കരുത്തും, ഫെഡ് ചെയര്‍മാന്റെ വാക്കുകളും നിര്‍ണായകം, ഇന്നത്തെ വിലയിങ്ങനെ

സ്വര്‍ണവില കുറയുന്നത്, ഓണക്കാലത്ത് കൂടുതല്‍ സജീവമാകുന്ന, സ്വര്‍ണവിപണിക്ക് ആശ്വാസമാണ്
lady and a man with gold in hand
canva
Published on

അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതോടെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. യു.എസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വരുന്നതും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണവും സ്വര്‍ണവിലയില്‍ നിര്‍ണായകമാകും.

സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,180 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 73,440 രൂപയിലുമെത്തി. ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസം എട്ടിന് പവന് 75,760 രൂപയിലെത്തിയിരുന്നു. 12 ദിവസം പിന്നിട്ടപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തില്‍ കുറഞ്ഞത് 2,320 രൂപ. ഓഗസ്റ്റിന്റെ തുടക്കത്തില്‍ പവന് 73,200 രൂപയായിരുന്നു വില. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,535 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 5,685 രൂപയും 9 കാരറ്റിന് 3,780 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് ഇന്നത്തെയും വ്യാപാരം.

മസില്‍ പെരുക്കി ഡോളര്‍

മറ്റ് കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് 0.20 ശതമാനം വര്‍ധിച്ചിരുന്നു. ഇതോടെ വിദേശ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലിന്റെ ചെലവ് വര്‍ധിക്കുകയും ഡിമാന്‍ഡ് കുറയുകയുമായിരുന്നു. ഇന്ന് പുറത്തുവരുന്ന ഫെഡ് റിസര്‍വ് യോഗ മിനിട്‌സിലായിരിക്കും ഇനി വിപണിയുടെ ശ്രദ്ധ. ഫെഡ് റിസര്‍വിന്റെ സിമ്പോസിയത്തില്‍ ജെറോം പവല്‍ നടത്തുന്ന പ്രഭാഷണവും വിപണിയുടെ ഗതി നിര്‍ണയിക്കും. അമേരിക്കന്‍ ബോണ്ടുകളുടെ പലിശ നിരക്കില്‍ എന്തുമാറ്റമുണ്ടാകുമെന്ന സൂചന ഇതില്‍ നിന്നും ലഭിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. സെപ്റ്റംബറില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കുമെന്നാണ് പ്രതീക്ഷ.

റഷ്യ-യുക്രെയിന്‍ യുദ്ധം

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുമെന്ന സൂചനകളും സ്വര്‍ണവിലയില്‍ ആശ്വാസം നല്‍കിയെന്നാണ് വിലയിരുത്തല്‍. യു.എസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് നിരീക്ഷകരും പറയുന്നത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി എന്നിവര്‍ പങ്കെടുക്കുന്ന ത്രികക്ഷി യോഗം ഉടനുണ്ടാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഭരണം വാങ്ങാന്‍

നികുതിയും പണിക്കൂലിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 79,478 രൂപയെങ്കിലും വേണം. ആഭരണത്തിന്റെ ഡിസൈനുകള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും. സ്വര്‍ണവില കുറയുന്നത്, ഓണക്കാലത്ത് കൂടുതല്‍ സജീവമാകുന്ന, സ്വര്‍ണവിപണിക്ക് ആശ്വാസമാണ്.

On 20 August 2025, gold prices in Kerala dipped slightly: 22‑carat gold traded at ₹9,180 per gram and 24‑carat at ₹10,015 per gram—declining by ₹55 and ₹60 respectively from the previous day.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com