
അമേരിക്കന്‍ ഡോളറിന്റെ കരുത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധന. സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. അരശതമാനത്തോളമാണ് ഇന്ന് വില ഉയര്‍ന്നത്. എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണം, വെള്ളി വിലകളില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,440 രൂപയെന്ന നിലയിലാണ്. വെള്ളി ഗ്രാമിന് 116 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം.
യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും തീരുമാനങ്ങളെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. ജെറോം പവലിന്റെ പ്രവര്‍ത്തനം മോശമാണെന്നും അദ്ദേഹത്തിന് പകരം ആളുകളെ പരിഗണിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. വരുന്ന സെപ്റ്റംബറിന് മുമ്പ് തന്നെ കേന്ദ്രബാങ്കിനെ നയിക്കാന്‍ പുതിയ ആളെ നിയോഗിക്കുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കാനും തുടങ്ങി. ട്രംപിന്റെ താരിഫ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് വിമര്‍ശനം ഉന്നയിച്ചയാളാണ് ജെറോം പവല്‍.
കൂടാതെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് മാര്‍ച്ച് 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും. ഇത് മുതലാക്കി കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാനെത്തിയതോടെ ഡിമാന്‍ഡും വര്‍ധിച്ചു. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും യു.എസ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഡാറ്റയുമാണ് ഡോളറിന്റെ വിലയിടിച്ചത്. ഇതിനൊപ്പം നാറ്റോയുടെ പ്രതിരോധ ബജറ്റ് വര്‍ധിച്ചതും റഷ്യ-യുക്രെയിന്‍ യുദ്ധവും സ്വര്‍ണ വിലയെ മുന്നോട്ടുനയിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് ജി.ഡി.പി ഡാറ്റയിലാകും ഇനി നിക്ഷേപകരുടെ കണ്ണ്. അടുത്ത ദിവസം പുറത്തുവരുന്ന പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡിച്ചര്‍ ഡാറ്റയും നിക്ഷേപകരെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,560 രൂപയാണ് കേരളത്തില്‍ വിലയെങ്കിലും ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ ഇതിലുമേറെ നല്‍കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം 78,527 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine