
സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപയെന്ന് കണക്കുകള്‍. ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 115 രൂപയിലാണ് ശനിയാഴ്ച വ്യാപാരം.
പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇസ്രയേല്‍-ഇറാന്‍ യുദ്ധം തുടര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ പവന് 74,560 രൂപയിലെത്തുന്നതും ജൂണില്‍ ദൃശ്യമായി. പിന്നാലെ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചതോടെ വില കുത്തനെ ഇടിയാന്‍ തുടങ്ങി. സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ പദവി നഷ്ടമായതാണ് വില കുറയാനുള്ള പ്രധാന കാരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിറുത്തല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. പരസ്പരമുള്ള വാഗ്വാദങ്ങളല്ലാതെ വെടിനിറുത്തല്‍ ലംഘിച്ചെന്ന വാര്‍ത്ത എവിടെയും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഒരു സംഘര്‍ഷം വീണ്ടും തുടങ്ങാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം, അടുത്ത ആഴ്ച ഇറാനിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നാണ് യു.എസ് പറയുന്നത്. ഇതും നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്.
യു.എസിലേക്കുള്ള ഉത്പന്നങ്ങള്‍ക്ക് പകരചുങ്കം ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനം ആഗോള വിപണിയെ പിടിച്ചുകുലുക്കിയിരുന്നു. പിന്നാലെ ചുങ്കം ചുമത്തുന്നതില്‍ ട്രംപ് ഇളവും അനുവദിച്ചു.ഇത് ജൂലൈ 9ന് അവസാനിക്കും. ഇതിന് മുമ്പ് യു.എസുമായി വ്യാപാരകരാറില്‍ എത്താത്ത രാജ്യങ്ങളുടെ മേല്‍ അധിക തീരുവ ചുമത്തുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ചൈനയുമായി കരാറൊപ്പിട്ട യു.എസ് ഇന്ത്യയുമായി വലിയ കരാറിലെത്തിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. തീരുവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഫെഡ് ചെയര്‍മാന്‍ ജെറോം പവലിനെ ട്രംപ് പുറത്താക്കുമെന്നുള്ള അഭ്യൂഹങ്ങളും വിപണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,440 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് 77,315 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine