

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,230 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തില്‍ 400 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ പവന്‍വില 73,840 രൂപയാണ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,575 രൂപയിലെത്തി. വെള്ളിവില 122 രൂപയില്‍ തന്നെ തുടരുകയാണ്.
ജി.എസ്.ടി സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കാനുള്ള തീരുമാനം സ്വര്‍ണത്തെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് സ്വര്‍ണവ്യാപാരികള്‍. നിലവില്‍ സ്വര്‍ണാഭരണങ്ങളുടെ ജി.എസ്.ടി മൂന്നു ശതമാനമാണ്. സ്ലാബ് ഏകീകരിക്കുമ്പോള്‍ അഞ്ച് ശതമാനത്തിലേക്ക് മാറ്റേണ്ടി വന്നാല്‍ സ്വര്‍ണവില വീണ്ടും കൂടും.
സ്വര്‍ണത്തിന്റെ ജി.എസ്.ടി ഒരു ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വില കുറയും.
സംസ്ഥാനത്ത് വിവാഹ സീസണ്‍ ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടകളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ ജുവലറികളിലെത്തി പര്‍ച്ചേസിംഗ് നടത്തുന്ന സമയമാണിത്. കോവിഡും പ്രളയവും സൃഷ്ടിച്ച വെല്ലുവിളികളില്‍ നിന്ന് കല്യാണ വിപണി തിരിച്ചു വന്നിട്ടുണ്ട്. ഇത്തവണ വലിയ തോതില്‍ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
നികുതിയും പണിക്കൂലിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 79,911 രൂപയെങ്കിലും വേണം. ആഭരണത്തിന്റെ ഡിസൈനുകള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine