

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാംദിനത്തിലും ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ 280 രൂപയും. ആഗോള വിലയിലെ താഴ്ച്ച തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 11,240 രൂപയിലെത്തി. പവന്‍ വില 89,920 രൂപ. 14 കാരറ്റിന്റെ ഗ്രാം വില 8,760 രൂപയും പവന്‍വില 70,080 രൂപയുമാണ്. ഒന്‍പത് കാരറ്റിന്റെ വില ഗ്രാമിന് 5,650 രൂപയും പവന് 45,200 രൂപയുമാണ്. വെള്ളിവില 235 രൂപയില്‍ തന്നെ നില്‍ക്കുന്നു.
സ്വര്‍ണത്തിന്റെ വിലയിടിവില്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. പലിശ വരുമാനം നല്‍കാത്ത ആസ്തിയാണ് സ്വര്‍ണം. അതിനാല്‍ യുഎസ് ട്രഷറി ബോണ്ടുകളുടെ വരുമാനനിരക്ക് ഉയരുമ്പോള്‍ സ്ഥിരമായ പലിശ വരുമാനം തേടുന്ന ചില നിക്ഷേപകര്‍ സ്വര്‍ണത്തിന് പകരം ബോണ്ടുകളിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണത്തിലേക്കുള്ള ഒഴുക്കിന് വിഘാതം സൃഷ്ടിക്കും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവ് കൂടും. ഇതും ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയെ സമ്മര്‍ദത്തിലാക്കാം. റിസര്‍വ് ബാങ്ക് ഇടപെടല്‍ മൂലം ഈ ദിവസങ്ങളില്‍ ഡോളറിനെതിരേ രൂപ ശക്തി പ്രാപിച്ചിരുന്നു. ഇതും വിലയില്‍ പ്രതിഫലിച്ചു.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,19,120 രൂപയെങ്കിലും ആകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine