

മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കുറഞ്ഞ് 73,880 രൂപയിലുമെത്തി. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടന്ന യോഗം റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് വിരാമമിടുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ വ്യാപാരയുദ്ധം കടുത്തതോടെ ഓഗസ്റ്റിന് എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ പവന് 75,760 രൂപയിലെത്തിയിരുന്നു.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,585 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് 5,900 രൂപയും 9 കാരറ്റിന് 3,805 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളദ്മിര്‍ പുടിനുമായി വെള്ളിയാഴ്ച ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച സെലന്‍സ്‌കിയും യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും ട്രംപുമായി കൂടിക്കാഴ്ച നടത്തി. പുടിനും സെലന്‍സ്‌കിയുമായി കൂടിക്കാഴ്ചക്കുള്ള ഏര്‍പ്പാട് ചെയ്‌തെന്നും ശേഷം ട്രംപ് പ്രഖ്യാപിച്ചു. റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും സജീവമായി. ഇതോടെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിച്ചവര്‍ പതിയെ ലാഭമെടുപ്പിലേക്ക് മാറി. ട്രംപിന്റെ വെടിനിറുത്തല്‍ നിര്‍ദ്ദേശം നടപ്പിലായാല്‍ സ്വര്‍ണവില വീണ്ടും കുറയാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അമേരിക്കന്‍ പലിശ നിരക്കുമായി ബന്ധപ്പെട്ട നീക്കങ്ങളിലാകും ഇനി വിപണിയുടെ ശ്രദ്ധ. ഓഗസ്റ്റ് 21-23 തീയതികളില്‍ ഫെഡറല്‍ റിസര്‍വിന്റെ വാര്‍ഷിക സിമ്പോസിയം നടക്കുന്നുണ്ട്. ഇതില്‍ നിരക്ക് മാറ്റത്തെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറിലെ യോഗത്തില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സിമ്പോസിയത്തില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തുന്ന പ്രസംഗത്തിലാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73,880 രൂപയാണ് വിലയെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ തുക കൊടുക്കേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 79,954 രൂപയെങ്കിലും വേണ്ടി വരും. സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം വര്‍ധിക്കുന്ന ഓണം, കല്യാണ സീസണില്‍ വില കുറയുന്നത് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഗുണകരമാണ്. ഓണക്കാലം അടുക്കുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.
Gold prices remain subdued following the Trump–Zelensky meeting due to revived hopes for peace in Ukraine. Investors are now closely watching the Fed’s Jackson Hole symposium for cues on possible rate cuts and future market direction.
Read DhanamOnline in English
Subscribe to Dhanam Magazine