വെറും 13 ദിവസത്തിനിടെ കുതിച്ചുയര്‍ന്നത് ₹8,000, ഓഗസ്റ്റിന്റെ നെറുകയില്‍ സ്വര്‍ണവില; എന്താണ് വേഗത്തിനു പിന്നില്‍

ഓഗസ്റ്റില്‍ വെറും 13 ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
വെറും 13 ദിവസത്തിനിടെ കുതിച്ചുയര്‍ന്നത് ₹8,000, ഓഗസ്റ്റിന്റെ നെറുകയില്‍ സ്വര്‍ണവില; എന്താണ് വേഗത്തിനു പിന്നില്‍
Published on

സംസ്ഥാനത്ത് സ്വര്‍ണവില അതിവേഗം ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇന്നത്തെ ഗ്രാം വില 14,220 രൂപയും പവന് 1,13,760 രൂപയുമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 11,680 രൂപയും പവന് 93,440 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 255 രൂപയില്‍ തുടരുന്നു.

ഓഗസ്റ്റ് ആരംഭിച്ച് വെറും 13 ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ പവന് 8,000യുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയും സാധാരണ ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നതാണ് വിലയിലെ ഈ അതിവേഗ മുന്നേറ്റം.

അന്താരാഷ്ട്ര വിപണിയാണ് കാര്യം

ആഭ്യന്തര വിപണിയിലെ ഘടകങ്ങള്‍ക്കൊപ്പം രാജ്യാന്തര വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നിലുണ്ട്. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളും റഷ്യ-ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ആഗോള നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ സാധാരണയായി സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറും.

ഇത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിക്കുന്നത് രാജ്യാന്തര വിലയെ മുകളിലേക്ക് നയിക്കുന്നു. ആഗോള വിപണിയിലെ ഈ മുന്നേറ്റം ഇന്ത്യയിലെ സ്വര്‍ണവിലയിലും നേരിട്ട് പ്രതിഫലിക്കുന്നുണ്ട്.

ഇനി വില കുറയുമോ?

ആഗോള രാഷ്ട്രീയ സാഹചര്യം, യുഎസ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകള്‍, ഡോളറിന്റെ നീക്കം, രൂപയുടെ മൂല്യം എന്നിവയാണ് വരും ദിവസങ്ങളിലും സ്വര്‍ണത്തിന്റെ ദിശ നിര്‍ണയിക്കുക. നിലവിലെ സാഹചര്യത്തില്‍ വിലയില്‍ ശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഒറ്റയടിക്ക് മുഴുവന്‍ വാങ്ങുന്നതിനു പകരം വിലയിലെ ഇടിവുകള്‍ പ്രയോജനപ്പെടുത്തുന്ന ഘട്ടംഘട്ടമായ വാങ്ങല്‍ രീതി പരിഗണിക്കുന്നത് നല്ലൊരു മാര്‍ഗമാണ്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 1,25,100 രൂപയെങ്കിലുമാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Kerala gold prices have risen ₹8,000 per sovereign since August 1, amid stronger global bullion prices, easing Fed rate-hike expectations and geopolitical uncertainty

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com