
സംസ്ഥാനത്തെ സ്വര്‍ണവില വര്‍ധിച്ചു. യു.എസ് - ചൈന സമവായത്തെ തുടര്‍ന്ന് കുത്തനെയിടിഞ്ഞ സ്വര്‍ണം ഇന്ന് കയറുകയായിരുന്നു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,765 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 70,120 രൂപയിലെത്തി. ഭാരം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,190 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപയില്‍ തുടരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില രണ്ട് തവണയായി പവന് 2,360 രൂപ കുറഞ്ഞിരുന്നു. രാവിലെ പവന് 1,320 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ യു.എസും ചൈനയും സമവായത്തിലെത്തിയെന്ന വാര്‍ത്ത വന്നു. അന്താരാഷ്ട്ര വിലയില്‍ സ്വര്‍ണം കുത്തനെയിടിഞ്ഞു. തുടര്‍ന്ന് കേരളത്തിലും സ്വര്‍ണം പവന് 1,040 രൂപ കുറഞ്ഞു.
ഇന്നലെ കുത്തനെയിടിഞ്ഞെങ്കിലും ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം കയറ്റത്തിലാണ്. ഇന്ത്യന്‍ സമയം രാവിലെ 10 മണിക്ക് ഔണ്‍സിന് 3,238.56 എന്ന നിലയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.39 ശതമാനം ഉയര്‍ച്ചയിലാണ്.
ലോക സാമ്പത്തിക ശക്തികളായ യു.എസും ചൈനയും വ്യാപാര യുദ്ധത്തിന് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വിപണിക്ക് ആശ്വാസമുള്ള കാര്യമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി ഒഴിവായെന്ന ആശ്വാസമാണ് വിപണിക്ക്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചതും ഡോളര്‍ ഇന്‍ഡെക്‌സ് മികച്ച നിലയിലായതും നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇതോടെ കൂടുതല്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പകരം ഓഹരി വിപണിയിലും മറ്റ് മാര്‍ഗങ്ങളിലും നിക്ഷേപിക്കാന്‍ തുടങ്ങി. ഇതോടെ സ്വര്‍ണത്തിന്റെ വിലയിടിയുകയായിരുന്നു. ഇന്ന് പുറത്തുവരാനിരിക്കുന്ന ഉപഭോക്തൃ വില സൂചിക (Consumer Price Index) യിലാകും ഇനി വിപണിയുടെ കണ്ണ്. ഇതനുസരിച്ചാകും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ തീരുമാനിക്കുക. ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയും ഇന്ന് പുറത്തുവരും.
ഇന്ന് ഒരു പവന്റെ വില 70,120 രൂപ. എന്നാല്‍ ഇതേ തൂക്കത്തിലുള്ള സ്വര്‍ണ ആഭരണം വാങ്ങാന്‍ ഇത് പോരാ. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 75,888 രൂപയെങ്കിലുമാകും. ഡിസൈന്‍, മോഡല്‍ എന്നിവ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റം വരാം.
സ്വര്‍ണം, വെള്ളി വിലയിലെ ചാഞ്ചാട്ടം ഈ ആഴ്ച മുഴുവന്‍ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ഇവയിലെ നിക്ഷേപം കരുതലോടെ വേണം ചെയ്യാന്‍. ഡോളര്‍ ഇന്‍ഡെക്‌സും വിവിധ രാജ്യങ്ങളിലെ അതിര്‍ത്തി പ്രശ്‌നങ്ങളും വിലയില്‍ സ്വാധീനമുണ്ടാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine