

പശ്ചിമേഷ്യയില്‍ സമാധാനം അകലെയെന്ന സൂചനയ്ക്കിടെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 15 രൂപ താഴ്ന്ന് 13,660 രൂപയായി. പവന്‍ വില 1,09,280 രൂപയാണ് ഇന്നത്തെ വില. പവനില്‍ 120 രൂപയുടെ കുറവ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 10 രൂപ താഴ്ന്ന് 11,255 രൂപയിലെത്തി. പവന് 89,800 രൂപയും. 14 കാരറ്റിന്റെ വില 8,745 രൂപയും പവന് 69,960 രൂപയുമാണ്. വെള്ളിവില 235 രൂപയില്‍ തന്നെ നില്‍ക്കുന്നു.
രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണവിലയെ ബാധിക്കാറുണ്ട്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യെമനിലേക്ക് സൗദി അറേബ്യ സൈനികനീക്കം കടുപ്പിക്കുന്നത് പശ്ചിമേഷ്യ വീണ്ടും പുകയാന്‍ കാരണമാകും. വീണ്ടുമൊരു യുദ്ധസാധ്യത വന്നാല്‍ സ്വര്‍ണം വീണ്ടും വിലയേറിയതാകും.
ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഔണ്‍സിന് 6,000 ഡോളര്‍ വരെ എത്താമെന്നാണ് ജെപി മോര്‍ഗന്റെ പുതിയ പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ പവന് ഏകദേശം ഒന്നര ലക്ഷത്തിന് മുകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അതായത്, ഇന്നത്തെ വിലയില്‍ നിന്ന് ഒരു പവന് ഏകദേശം 45,000 മുതല്‍ 50,000 വരെ അധികം.
കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ വാങ്ങല്‍, പണപ്പെരുപ്പ ആശങ്ക, അമേരിക്കയുടെ കടബാധ്യത, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയ കാര്യങ്ങളാണ് സ്വര്‍ണത്തിന് പിന്തുണ നല്‍കുന്ന പ്രധാന ഘടകങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine