

പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും സമാധാനത്തിലേക്ക് വഴിമാറിയില്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ആഗോള വിപണികളുടെ ചുവടുപിടിച്ച് സ്വര്‍ണവില ഇന്ന് ഗ്രാമിന് 13,675 രൂപയും പവന്‍ വില 1,09,400 രൂപയുമായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,235 രൂപയും പവന് 89,880 രൂപയുമാണ്. 14 കാരറ്റിന്റെ വില 8,750 രൂപയും പവന് 70,000 രൂപയുമാണ്. വെള്ളിവില 235 രൂപയിലാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി ആശ്രയിക്കുന്ന പ്രധാന ആസ്തികളിലൊന്നാണ് സ്വര്‍ണം. മറ്റ് നിക്ഷേപ മേഖലകളില്‍ അനിശ്ചിതത്വം നേരിടുമ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപക ശ്രദ്ധ തിരിയുന്നതാണ് രീതി.
2025ല്‍ സ്വര്‍ണവില 64 ശതമാനം ഉയര്‍ന്നിരുന്നു. 1979ന് ശേഷമുള്ള ഏറ്റവും മികച്ച വാര്‍ഷിക പ്രകടനമായിരുന്നു ഇത്. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം, പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് ഈ കുതിപ്പിന് പ്രധാന പിന്തുണയായത്.
എന്നാല്‍ 2026ല്‍ സ്വര്‍ണത്തിന്റെ യാത്ര വിഭിന്ന ദിശകളിലൂടെയാണ്. ജനുവരിയില്‍ റെക്കോഡ് നിലവാരത്തിലേക്ക് എത്തിയ വില പിന്നീട് വലിയ തിരുത്തലുകളും കണ്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടവും ആഗോള ധനവിപണികളെ സ്വാധീനിച്ചിട്ടുണ്ട്.
ജെപി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ചിന്റെ ജൂണിലെ വിലയിരുത്തല്‍ പ്രകാരം 2026 അവസാനത്തോടെ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളര്‍ കടക്കാനുള്ള സാധ്യതയുണ്ട്. 6,300 ഡോളര്‍ എന്ന നില 2027ല്‍ കൈവരിക്കാവുന്ന സാധ്യതയായാണ് ചൂണ്ടിക്കാണിക്കുന്നത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുടെ പരിഹാരം, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നയം, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങുന്നത് വിലയ്ക്ക് ശക്തമായ പിന്തുണയാണ് നല്‍കിയത്. ഡോളറിലുള്ള ആശ്രയം കുറയ്ക്കാനുള്ള ശ്രമവും വിദേശനാണ്യ കരുതല്‍ ശേഖരം വൈവിധ്യവല്‍ക്കരിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. 2025ല്‍ ആഗോള സ്വര്‍ണ ഡിമാന്‍ഡ് 5,002 ടണ്ണായി റെക്കോഡിലെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.
ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,18,650 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine