

ആഗോള വിപണിയിലെ ആവേശക്കുറവ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നു. ഇന്നലത്തെ അപേക്ഷിച്ച് നേരിയ തോതില്‍ വില ഉയര്‍ന്നെങ്കിലും കാര്യമായ മുന്നേറ്റം പ്രകടമായില്ല. ഗ്രാമിന് ഇന്ന് 15 രൂപ വര്‍ധിച്ച് 14,185 രൂപയായി. പവന്‍ വില 120 രൂപ കൂടി 1,13,480 രൂപയായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 11,655 രൂപയായി. പവന്‍വില 93,240 രൂപയാണ്. 14 കാരറ്റിന്റെ വില ഗ്രാമിന് 9,075 രൂപയും പവന് 72,600 രൂപയുമാണ്. വെള്ളിവില 250 രൂപയില്‍ തുടരുന്നു.
ലോകത്തെല്ലായിടത്തും യുദ്ധഭീതി നിറഞ്ഞു നില്ക്കുകയാണ്. റഷ്യ-യുക്രെയ്ന്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ വില ഉയരേണ്ടതാണ്. എന്നാല്‍, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകങ്ങളുണ്ട്.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് പ്രധാന കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയതാണ് സ്വര്‍ണത്തെ സ്വാധീനിച്ച പ്രധാന ഘടകം. യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞയാഴ്ചയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അതിനു മുമ്പുള്ള ആഴ്ചയും പലിശനിരക്ക് ഉയര്‍ത്തിയപ്പോള്‍ ബാങ്ക് ഓഫ് ജപ്പാനും വെള്ളിയാഴ്ച നിരക്ക് വര്‍ധിപ്പിച്ചു.
യുഎസില്‍ ഈ വര്‍ഷം കുറഞ്ഞത് ഒരു നിരക്ക് വര്‍ധന കൂടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത നേരത്തേ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ പിന്നോട്ടുപോകുന്നതും സ്വര്‍ണത്തിന് പ്രതികൂലമായി.
ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച ഏകദേശം രണ്ട് ഡോളര്‍ താഴ്ന്നിരുന്നു. സാധാരണയായി എണ്ണവില കുറയുന്നത് പണപ്പെരുപ്പ സമ്മര്‍ദവും ബോണ്ട് യീല്‍ഡും കുറയാന്‍ കാരണമായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല.
ഇന്ത്യയിലെ സ്വര്‍ണ ഡിമാന്‍ഡ് കഴിഞ്ഞയാഴ്ച മന്ദമായിരുന്നുവെന്നും വില ഇനിയും താഴുമെന്ന പ്രതീക്ഷയില്‍ ഉപയോക്താക്കള്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,22,700 രൂപയ്ക്കു മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine