രാജ്യാന്തര വില കയറിയിറങ്ങി, കേരളത്തില്‍ സ്വര്‍ണവിലയില്‍ അനക്കമില്ല; കല്യാണപാര്‍ട്ടികള്‍ക്ക് ആശ്വാസം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വില ഇന്നലെ വൈകുന്നേരം കുറഞ്ഞെങ്കിലും ഇന്ന് പഴയ നിരക്കിലേക്ക് എത്തി. ഇതോടെയാണ് കേരളത്തിലെ വില ഉയരാതിരുന്നത്. ഇന്ന് ഗ്രാമിന് 9,005 രൂപയാണ്. പവന്‍ വിലയാകട്ടെ 72,040 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,410 രൂപയാണ്. വെള്ളിവില 109 രൂപ.
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധമായിരുന്നു ഈ മാസത്തെ വിലക്കയറ്റത്തിന് കാരണമായത്. പവനില്‍ 9,000 രൂപയോളം ചുരുങ്ങിയ ദിവസം കൊണ്ട് വര്‍ധിക്കുകയും ചെയ്തു. ആഗോള ഓഹരി വിപണികള്‍ നഷ്ടത്തിലായതും സ്വര്‍ണം മികച്ച നിക്ഷേപ മാര്‍ഗമായതും നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ ഇടയാക്കി.
വില സര്‍വകാല റെക്കോഡിലെത്തിയ ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പിന് ശ്രമിച്ചതാണ് താഴ്ച്ചയ്ക്ക് വഴിയൊരുക്കിയത്. വരുംദിവസങ്ങളിലും സമാന ട്രെന്റ് തുടര്‍ന്നേക്കുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്കുന്നത്. വലിയ ഉയരത്തിലെത്തിയ ശേഷം വില ചെറുതായി കുറഞ്ഞത് സംസ്ഥാനത്തെ സ്വര്‍ണ വിപണിക്കും ആശ്വാസമായി. കേരളത്തില്‍ കല്യാണ സീസണാണ് ഇത്.
ഒരു പവന്‍ ആഭരണം വാങ്ങാന്‍ എന്തുകൊടുക്കണം?
ഇന്ന് ഒരുപവന്‍ സ്വര്‍ണ വില 72,040 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,964 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine

