

സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് കുത്തനെയിടിഞ്ഞു. അന്താരാഷ്ട്ര വ്യാപാര തര്‍ക്കങ്ങളില്‍ അയവുണ്ടാകുമെന്ന സൂചനകളാണ് സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായത്. സ്വര്‍ണം ഗ്രാമിന് 205 രൂപ കുറഞ്ഞ് 8,775 രൂപയിലെത്തി. പവന്‍ വില 1,640 രൂപ കുറഞ്ഞ് 70,200 രൂപയിലെത്തി. റെക്കോഡ് വിലയായ പവന് 74,320 രൂപയിലെത്തിയ ശേഷമാണ് വില താഴ്ന്നിറങ്ങിയത്.
യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് അയവുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. വിവിധ രാജ്യങ്ങളുമായി ഉടന്‍ വ്യാപാര കരാറിലെത്തുമെന്ന് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര പ്രതിനിധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാപാര ചര്‍ച്ചകള്‍ക്കായി യു.എസ് അധികൃതര്‍ സമീപിച്ചതായി ചൈനീസ് ടെലിവിഷനുകളും വാര്‍ത്ത നല്‍കിയിരുന്നു. പിന്നാലെ നിക്ഷേപകര്‍ ഓഹരി വിപണി അടക്കമുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ തേടിയതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ കുറവുണ്ടായി.
വ്യാപാര തര്‍ക്കങ്ങള്‍ മുറുകിയതോടെ ആളുകള്‍ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തെ പരിഗണിച്ചതും കേന്ദ്രബാങ്കുകള്‍ വാങ്ങല്‍ വര്‍ധിപ്പിച്ചതും കഴിഞ്ഞ മാസം സ്വര്‍ണവിലയെ റെക്കോഡിലെത്തിച്ചിരുന്നു. അതേസമയം, അടുത്ത ദിവസം പുറത്ത് വരുന്ന യു.എസ് തൊഴില്‍ കണക്കുകള്‍ സ്വര്‍ണ വിലയില്‍ നിര്‍ണായകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അക്ഷയതൃതീയ ദിവസം കേരളത്തിലെ ജുവലറികളില്‍ സ്വര്‍ണക്കച്ചവടം പൊടിപൊടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തോളം മികച്ച വരുമാനമാണ് ഇക്കുറി ലഭിച്ചത്. കൂടിയ വിലയായിട്ടും സ്വര്‍ണം വാങ്ങുന്നവരുടെ വാങ്ങല്‍ ശേഷിയില്‍ (പര്‍ച്ചേസ് പവര്‍) കുറവൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ആഭരണമായി അണിയുന്നതിന് പുറമെ, മികച്ച നിക്ഷേപ മാര്‍ഗം കൂടിയാണെന്ന തിരിച്ചറിവിലാണ് ആളുകള്‍ കൂടുതലായി വാങ്ങിയതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്ക് ജുവലറികള്‍ തുറന്നപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടതായി വ്യാപാരികള്‍ പറയുന്നു. മികച്ച വില്‍പ്പന ലഭിക്കുമെന്ന പ്രതീക്ഷയില്‍ എല്ലാതരം സ്വര്‍ണാഭരണങ്ങളും വ്യാപാരികള്‍ ഒരുക്കിവെച്ചിരുന്നു.
കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങള്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. 1,500 കോടി രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന സൂചനകളെന്ന അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine