
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 55 രൂപ കൂടി 9,130 രൂപയിലെത്തി. പവന് 440 രൂപ വര്‍ധിച്ച് 73,040 രൂപ എന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. ഏപ്രില്‍ നാലിന് പവന് 70,040 രൂപയായിരുന്നു. നാല് ദിവസത്തിനിടെ സ്വര്‍ണവില പവന് 3,000 രൂപയാണ് വര്‍ധിച്ചത്.
ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് നീക്കങ്ങള്‍ യു.എസില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞിരുന്നു. ഫെഡ് പലിശ നിരക്കുകളില്‍ മാറ്റമില്ലെന്നും കഴിഞ്ഞ ദിവസം പവലിന്റെ പ്രഖ്യാപനം വന്നു. യു.എസ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെങ്കിലും പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയുണ്ട്. താരിഫുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതീക്ഷിച്ചത് പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ചുവടുപിടിച്ച് യു.എസ് ഓഹരി വിപണി ഇടിയുകയും ഡോളര്‍ ഇന്‍ഡെക്‌സ് താഴുകയും ചെയ്തു. പിന്നാലെ സ്വര്‍ണവിലയിലും മാറ്റമുണ്ടായി. എന്നാല്‍ ചൈനക്ക് മേല്‍ ചുമത്തിയ തീരുവ ചര്‍ച്ചയില്ലാതെ പിന്‍വലിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു. നിലവില്‍ ഔണ്‍സിന് 3,390.5 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ചൈനയും യു.എസു തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ അടുത്ത് തന്നെ സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ ഫലമെന്താകുമെന്നാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 73,040 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 79,046 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine