
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം. ഉച്ചക്ക് 12.40ന് വില പവന് 1,160 രൂപ കുറക്കുകയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് രാവിലെ പവന് 440 രൂപ കൂടിയിരുന്നു. യു.എസും യു.കെയും ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ ആഗോള വിപണിയിലെ സ്വര്‍ണവിലയില്‍ കുറവുണ്ടാക്കിയിരുന്നു. രാവിലെ ഔണ്‍സിന് 3,414 ഡോളര്‍ വരെ പോയ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഇപ്പോള്‍ 3,330 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തും വില കുറച്ചത്.
സ്വര്‍ണം ഗ്രാമിന് 145 രൂപ കുറഞ്ഞ് 8,985 രൂപയായി. പവന് 1,160 രൂപ കുറഞ്ഞ് 71,880 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 7,375 രൂപയായി. വെള്ളി വില ഗ്രാമിന് 108 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71,880 രൂപയാണെങ്കിലും പണിക്കൂലിയും മറ്റ് നികുതിയും ചേര്‍ത്ത് ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ 77,791 രൂപയെങ്കിലും നല്‍കണം.
പരസ്പരമുള്ള ഇറക്കുമതി തീരുവ കുറക്കാന്‍ അമേരിക്കയും യു.കെയും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ തന്നെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിക്കും. ഏറെ ബഹുമാനമുള്ള ഒരു രാജ്യവുമായി വ്യാപാര കരാറിലെത്തുമെന്ന് കഴിഞ്ഞ ദിവസം രാത്രി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ രാവിലെ കയറിയ സ്വര്‍ണ വില താഴേക്കിറങ്ങി.
Read DhanamOnline in English
Subscribe to Dhanam Magazine