

തൃശൂരിലെ സ്വര്‍ണക്കടകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ്. ഏതാണ്ട് 100 കോടി രൂപയിലധികം വിറ്റുവരവ് വെട്ടിപ്പ് നടന്നതായാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ പരിശോധന അനവസരത്തിലുള്ളതാണെന്നും ഓണക്കാല വ്യാപാരത്തിന് തിരിച്ചടിയാണെന്നുമാണ് വ്യാപാരികളുടെ പക്ഷം.
ഓപ്പറേഷന്‍ ആര്‍ക്കന്‍സ്റ്റോണ്‍ എന്ന പേരില്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിലെ ഇരുന്നൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. തൃശൂര്‍ ജില്ലയിലെ 16 സ്വര്‍ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും വസതികളിലും ഉള്‍പ്പെടെ 42 കേന്ദ്രങ്ങളില്‍ ഒരേ സമയത്തായിരുന്നു പരിശോധന. ഇതില്‍ 36 കിലോയോളം സ്വര്‍ണം അനധികൃതമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ നികുതി വെട്ടിപ്പിന് ഇതുവരെ രണ്ട് കോടി രൂപയില്‍ അധികം പിഴയീടാക്കിയെന്നും വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറും അറിയിച്ചു.
ജി.എസ്.ടി പരിശോധന അനവസരത്തിലുള്ളതാണെന്നും, ഓണക്കാല വ്യാപാരം തടസപ്പെടുത്താനാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ച പുതുതായി ആരംഭിച്ച സ്വര്‍ണ വ്യാപാരശാലയില്‍ പോലും റെയ്ഡ് നടത്തി അപമാനിക്കുകയാണ് ചെയ്തത്. പരിശോധിച്ച സ്ഥാപനങ്ങളില്‍ നിന്നും നാമമാത്രമായ അധിക തൂക്കം സ്വര്‍ണ്ണം മാത്രമാണ് കണ്ടെത്തിയത്.
അതിനെ പര്‍വതീകരിച്ച് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി എന്നത് കാടടച്ചു വെടിവെക്കല്‍ ആണെന്നും, സ്വര്‍ണ വ്യാപാര മേഖലയെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.
ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ ആഘോഷമായി പങ്കെടുത്ത പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ കൃത്യമായ കണക്ക് സഹിതം വെളിപ്പെടുത്തണം. സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വ്യാപാരത്തോത് കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉള്ള വ്യാപാരം കൂടി നഷ്ടപ്പെടുത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവും, നികുതി വരുമാനവും വെളിപ്പെടുത്തണമെന്നും അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Kerala GST department uncovered ₹100 crore tax evasion in Thrissur gold shops during ‘Operation Arkenstone’. Traders allege raids disrupt Onam business.
Read DhanamOnline in English
Subscribe to Dhanam Magazine