പുതുച്ചേരിക്കും ലക്ഷദ്വീപിനും നേട്ടം, സാമൂഹ്യ പുരോഗതിയില്‍ കേരളത്തിന് ഒമ്പതാം സ്ഥാനം

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന സാമൂഹ്യ പുരോഗതി സൂചികയില്‍ കേരളത്തിന് ഒമ്പതാം സ്ഥാനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്റ്റ്യൂറ്റിയൂട്ട് ഓഫ് കോമ്പറ്റീറ്റീവ്നസ്, സോഷ്യല്‍ പ്രോഗ്രസീവ് ഇംപരറ്റീവ് എന്നിവര്‍ ചേര്‍ന്നാണ് സൂചിക തയ്യാറാക്കുന്നത്. 62.05 ആണ് കേരളത്തിന് സൂചികയില്‍ ലഭിച്ച സ്‌കോര്‍.

പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കാണ്. 65.99 പോയിന്റുമായി പുതുച്ചേരി ആണ് ഒന്നാമത്. ലക്ഷദ്വീപിനാണ് (സ്‌കോര്‍- 65.89) രണ്ടാം സ്ഥാനം. വ്യക്തി സ്വാതന്ത്യം, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം, മെഡിക്കല്‍ കെയര്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി, മൂന്ന് വിഭാഗങ്ങളിലായി പന്ത്രണ്ടോളം ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.

36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ അടങ്ങിയ പട്ടികയെ വളരെ ഉയര്‍ന്ന സാമൂഹിക പുരോഗതി, ഉയര്‍ന്ന സാമൂഹിക പുരോഗതി, ഉയര്‍ന്ന ഇടത്തരം സാമൂഹിക പുരോഗതി, താഴ്ന്ന ഇടത്തരം സാമൂഹിക പുരോഗതി, താഴ്ന്ന സാമൂഹിക പുരോഗതി, വളരെ കുറഞ്ഞ സാമൂഹിക പുരോഗതി എന്നിങ്ങനെ ആറായി തരംതിരിച്ചിട്ടുണ്ട്. റാങ്കിംഗില്‍ ആദ്യ ഒമ്പതിലുള്ളവയാണ് വളരെ ഉയര്‍ന്ന സാമൂഹിക പുരോഗതി എന്ന വിഭാഗത്തില്‍ ഇടം നേടിയത്.

മുപ്പത്തിയാറാം റാങ്കുമായി ജാര്‍ഖണ്ഡാണ് (സ്‌കോര്‍-43.95) പട്ടികയില്‍ അവസാനം. ബീഹാര്‍, അസം എന്നീ സംസ്ഥാനങ്ങളാണ് ജാര്‍ഖണ്ഡിന് മുന്നിലുള്ളത്. വളരെ കുറഞ്ഞ സാമൂഹിക പുരോഗതി എന്ന വിഭാഗത്തിലാണ് ഈ സംസ്ഥാനങ്ങള്‍.

വളരെ ഉയര്‍ന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങള്‍

  1. പുതുച്ചേരി (സ്കോർ - 65.99)
  2. ലക്ഷദ്വീപ് (65.89)
  3. ഗോവ (65.53)
  4. സിക്കിം (65.10)
  5. മിസോറാം (64.19)
  6. തമിഴ്‌നാട് (63.33)
  7. ഹിമാചല്‍ പ്രദേശ് (63.28)
  8. ചണ്ഡീഗണ്ഡ് (62.37)
  9. കേരളം (62.05)
Related Articles
Next Story
Videos
Share it