ഹാവൂ! കേരളത്തിന് താത്കാലികാശ്വാസം; കേന്ദ്രത്തിൽ നിന്ന് ₹2,690 കോടി എത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ കേരളത്തിന് താത്കാലികാശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ അധിക നികുതി വിഹിതമെത്തി. ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് ലഭിച്ചത് 2690.2 കോടി രൂപ. സാധാരണ ലഭിക്കാറുള്ള ഗഡുവിന് പുറമെയാണ് ജൂണില്‍ മറ്റൊരു ഗഡു മുന്‍കൂറായി നല്‍കിയത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം 1,39,750 കോടി രൂപയാണ് വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസന വളര്‍ച്ച വേഗത്തിലാക്കുന്നതിനുമാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
നികുതി വരുമാനം വേഗത്തിലായി
തങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാറില്ലെന്നും കൃത്യസമയത്ത് വിതരണം ചെയ്യാറില്ലെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനും പുതിയ സര്‍ക്കാരിന് കീഴില്‍ സാമ്പത്തിക വളര്‍ച്ചയും വികസനവും വേഗത്തിലാക്കാനുമാണ് കേന്ദ്രനടപടി. 2024-25 വര്‍ഷത്തെ താത്കാലിക ബജറ്റില്‍ 12,19,783 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം കാര്യമായി ലഭിച്ച സാഹചര്യത്തിലാണ് അധികമായി ഒരു ഗഡു കൂടി അനുവദിക്കാന്‍ കേന്ദ്രം തയ്യാറായതെന്നാണ് വിശദീകരണം. ഇതോടെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹതം 2,79,500 കോടി രൂപയായി (ജൂണ്‍ 10 വരെയുള്ള കണക്ക്).
കേരളത്തിന് താത്കാലികാശ്വാസം
അതേസമയം, അധിക കേന്ദ്രവിഹിതം ലഭിച്ചത് കേരളത്തിന് താത്കാലികാശ്വാസമായി. നിലവില്‍ ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാരിന് 25,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്ക്. ഇത് കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് താത്കാലികാശ്വാസമെത്തിയത്.

Related Articles

Next Story

Videos

Share it