ചികിത്സാച്ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; സഹകരണ ആശുപത്രികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം: മുഖ്യമന്ത്രി

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ ബ്ലോക്കും ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയും ഉദ്ഘാടനം ചെയ്തു
കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കുന്നു.
കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കുന്നു.
Published on: 

സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വിധം ചികിത്സാച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഇടപെടല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സ്വകാര്യ ആശുപത്രികള്‍ക്കും രോഗനിര്‍ണയ കേന്ദ്രങ്ങള്‍ക്കും മരുന്നുവിപണിക്കും മേല്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ സ്വാധീനം വര്‍ധിക്കുന്നത് ചികിത്സ കൂടുതല്‍ ചെലവേറിയതാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച പുതിയ ബ്ലോക്കിന്റെയും ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍, സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം വിപുലീകരിക്കും. രോഗനിര്‍ണയ പരിശോധനകള്‍ നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ വില കുറയുന്നതിന്റെ പ്രയോജനം രോഗികള്‍ക്ക് നേരിട്ട് ലഭിക്കണം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യ മേഖലയിലെ ചൂഷണം തടയുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികള്‍ ഏറ്റെടുക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് നിയന്ത്രണം

കേരളത്തിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും പ്രമുഖ ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് സ്ഥാപനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവ വന്‍കിട വിദേശ കമ്പനികള്‍ ഏറ്റെടുക്കുന്ന പ്രവണത ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്‍തുക മുടക്കി ആരോഗ്യ സ്ഥാപനങ്ങള്‍ സ്വന്തമാക്കുകയും പിന്നീട് ഉയര്‍ന്ന വിലയ്ക്ക് കൈമാറ്റം ചെയ്ത് ലാഭം നേടുകയും ചെയ്യുന്ന രീതികള്‍ ചികിത്സാച്ചെലവിനെ ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍, സഹകരണ ആശുപത്രികളെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം

സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ജനകീയ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടത്.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 50 രോഗികള്‍ക്ക് 50 ദിവസത്തിനുള്ളില്‍ ചികിത്സാ ബില്ലില്‍ 50% ഇളവ് നല്‍കുന്ന പദ്ധതിയും ആശുപത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബൈപാസ് ശസ്ത്രക്രിയ, കാന്‍സര്‍ ശസ്ത്രക്രിയ, മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ പ്രധാന ചികിത്സകള്‍ക്കും 50% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രമുഖരെ ആദരിച്ചു

ആരോഗ്യ മേഖലയിലെ സാമൂഹിക സേവനങ്ങള്‍ പരിഗണിച്ച് ഭീമ ജൂവല്‍സ് ചെയര്‍മാന്‍ ബി. ബിന്ദുമാധവിനെയും സുവര്‍ണ ജൂബിലി ബ്ലോക്കിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ കരാറുകാരന്‍ കെ.വി. ജോസഫിനെയും മുഖ്യമന്ത്രി ആദരിച്ചു.

കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. വി.കെ മിനിമോള്‍, എംഎല്‍എമാരായ ടി.ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, സൊസൈറ്റി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```