മെയ് മാസ കുട്ടികൾ! സർക്കാർ സർവീസിൽ നിന്ന് ഇന്ന് വിരമിക്കുന്നത് 10,000 പേർ; ഹെഡ് മാസ്റ്റർ ജനന തീയതി നിശ്ചയിച്ച കാലം വിട്ട് 56 വർഷത്തിനു ശേഷം പടിയിറക്കം

ഏതാണ്ട് കാല്‍ലക്ഷത്തോളം പേരാണ് ഇക്കൊല്ലം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നത്
Kerala Government Secretariate in Thiruvananthapuram
Canva
Published on

കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പതിനായിരത്തോളം പേര്‍ ഇന്ന് പടിയിറങ്ങും. ഏതാണ്ടെല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് യാത്രയയപ്പ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിരമിക്കുന്നവരെ വൈകുന്നേരം സ്വന്തം വീടുകളിലെത്തിക്കുന്ന പതിവുമുണ്ട്.

എന്തുകൊണ്ട് ഇത്രയധികം പേര്‍

ജൂണില്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ജനനത്തീയതി മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന പതിവ് പണ്ട് നിലനിന്നിരുന്നു. സ്വാഭാവികമായും ഔദ്യോഗിക രേഖകളിലും ജനനത്തീയതി മെയ് മാസമായി തന്നെ നിലനില്‍ക്കും. അതിനാലാണ് ഇത്രയധികം പേര്‍ മെയ് മാസത്തില്‍ സര്‍ക്കാര്‍ സേവനം മതിയാക്കുന്നത്. എന്നാല്‍ സ്‌കൂള്‍ പ്രവേശനത്തിന് ജനന സര്‍ട്ടിഫിക്കറ്റും ആധാറും നിര്‍ബന്ധമാക്കിയതോടെയാണ് ഈ ട്രെന്‍ഡിന് അവസാനമായത്.

ഇക്കൊല്ലം കാല്‍ലക്ഷം പേര്‍

56 വയസാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലെ പെന്‍ഷന്‍ പ്രായം. മാസത്തിന്റെ ആദ്യ ദിവസമാണ് 56 വയസ് പൂര്‍ത്തിയാകുന്നതെങ്കില്‍ തൊട്ടുമുന്‍പുള്ള മാസത്തിന്റെ അവസാന ദിവസമാണ് വിരമിക്കേണ്ടത്. മറ്റ് ദിവസങ്ങളിലാണെങ്കില്‍ മാസത്തിന്റെ അവസാന ദിവസത്തില്‍ പടിയിറങ്ങിയാല്‍ മതി. അധ്യാപകരുടെ വിരമിക്കല്‍ മെയ് 31നാണ്. ഇക്കൊല്ലം 24,424 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിയുന്നത്. ഇതില്‍ പകുതിയും മെയ് മാസത്തില്‍ തന്നെ സേവനം മതിയാക്കും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേദിവസം പതിനായിരത്തോളം ജീവനക്കാര്‍ വിരമിച്ചിരുന്നു.

വന്‍ ചെലവ്

വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, പ്രൊവിഡന്റ് ഫണ്ട്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഏതാണ്ട് 10 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെ ഒരു ജീവനക്കാരന് ലഭിക്കും. ഇതിനായി 3,000 മുതല്‍ 6,000 കോടി രൂപ വരെയാണ് സര്‍ക്കാരിന് ചെലവാകുക. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതെങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Around 10,000 government employees in Kerala are retiring on May 31, marking a significant shift in the state workforce

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com