വിദേശ റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍, ടാസ്‌ക് ഫോഴ്‌സിന് പിന്നാലെ നിയമവും

വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്‍സികളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളുടെയും ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിയമ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്ന പല ഏജന്‍സികളും വേണ്ടത്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതി ശക്തമായതോടെയാണ് സര്‍ക്കാര്‍ നടപടി. ഇത്തരം ഏജന്‍സികള്‍ വിദേശത്തെത്തിച്ച പല വിദ്യാര്‍ത്ഥികളും ഭക്ഷണത്തിന് പോലും കഷ്ടപ്പെടുകയാണെന്ന മാധ്യമ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നിയന്ത്രിക്കാന്‍ ടാസ്‌ക് ഫോഴ്‌സും

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് സര്‍ക്കാര്‍ ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍.ആര്‍.ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവരാണ് അംഗങ്ങള്‍. റിക്രൂട്ട്‌മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്‌ഫോഴ്‌സ് എല്ലാ മാസവും യോഗം ചേര്‍ന്നു വിലയിരുത്തും. ഇത്തരം ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അമിത തുക ഈടാക്കുന്നുണ്ടെന്ന ആരോപണവും അന്വേഷിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.
Related Articles
Next Story
Videos
Share it