

ടാക്സികള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പിന്തുണയുള്ള മൊബൈല്‍ ആപ്പായ 'കേരള സവാരി' നാളെ (മെയ് 1) മുതല്‍ പുതിയ രൂപത്തിൽ വീണ്ടും എത്തുന്നു. ബംഗളൂരുവിലെ വളരെ ജനപ്രിയമായ 'നമ്മ യാത്രി' ആപ്പിന്റെ പിന്തുണയോടെയാണ് കേരള സവാരി പരിഷ്കരിച്ച് അവതരിപ്പിക്കുന്നത്.
ഗതാഗത, തൊഴിൽ വകുപ്പുകളുടെ പിന്തുണയുള്ള ആപ്പ് "താങ്ങാനാവുന്ന" യാത്രകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. യൂബര്‍, ഓല തുടങ്ങിയവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളായിരിക്കും ഈ സേവനത്തിലെന്നാണ് കരുതുന്നത്.
ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാരിൽ നിന്ന് സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രമാണ് ഈടാക്കുക. കൂടാതെ ഡ്രൈവർമാരിൽ നിന്ന് ഒരു കമ്മീഷനും കേരള സവാരി ഈടാക്കുന്നില്ല. 1,000 രൂപയ്ക്ക് ഓടിയാൽ മുഴുവൻ തുകയും ഡ്രൈവര്‍മാര്‍ക്ക് കൈവശം വെക്കാം. സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഡ്രൈവർമാരിൽ നിന്ന് കമ്മീഷനായി 30 ശതമാനം വരെയാണ് ഈടാക്കുന്നത്.
മെയ് 1 മുതൽ പുതിയ ആപ്പ് പ്രവർത്തനക്ഷമമാകുമെങ്കിലും ഔദ്യോഗികമായി പിന്നീട് ലോഞ്ച് ചെയ്യാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും സേവനം ലഭ്യമാകും. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലും ഘട്ടം ഘട്ടമായി 'കേരള സവാരി' ആരംഭിക്കാനാണ് പദ്ധതിയുളളത്. ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിച്ച് കൊച്ചി മെട്രോ ടിക്കറ്റുകളും അന്തര്‍ സംസ്ഥാന ബസുകളും ബുക്ക് ചെയ്യാൻ കഴിയും.
ഇതിനകം തന്നെ വലിയ തോതില്‍ ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6,000-ത്തിലധികം ടാക്സി ഡ്രൈവർമാരുള്ള യെല്ലോ കാബ്‌സ്, ഓൾ കേരള ഓൺലൈൻ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ (AKOADU) എന്നിവ ഈ സംരംഭത്തിന്റെ ഭാഗമാണ്.
'കേരള സവാരി' 2022 ൽ സംസ്ഥാന സര്‍ക്കാര്‍ ആദ്യം അവതരിപ്പിച്ചുവെങ്കിലും സോഫ്റ്റ്‌വെയർ തകരാറുകൾ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ സേവനം തടസപ്പെടുന്ന അവസ്ഥയുണ്ടായി.
Kerala government relaunches 'Kerala Savari' taxi app with lower fares than Uber and Ola, starting May 1.
Read DhanamOnline in English
Subscribe to Dhanam Magazine