ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ സമ്മാനങ്ങള്‍ വെട്ടിക്കുറക്കില്ല, ഭാഗ്യവാനെ കാത്തിരിക്കുന്നത് ₹ 20 കോടി

ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ ആകെ സമ്മാനത്തുകയില്‍ നിന്ന് 9.31 കോടി രൂപ വെട്ടിക്കുറക്കാനുളള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ലോട്ടറി ഏജൻ്റുമാരിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിച്ചത്.
ആകെ സമ്മാനത്തുക പുനഃസ്ഥാപിച്ചതിനൊപ്പം ഏജൻ്റുമാരുടെ കമ്മീഷനുകളും പഴയപടി ആക്കിയിട്ടുണ്ട്. പുതുക്കിയ സമ്മാനത്തുകയുടെ വിശദാംശങ്ങൾ അച്ചടിച്ച 12 ലക്ഷം ലോട്ടറി ടിക്കറ്റുകൾ സർക്കാരിന് ഉപേക്ഷിക്കേണ്ടി വരും. അതിനാല്‍ ക്രിസ്മസ് ബമ്പർ ലോട്ടറികളുടെ റിലീസ് വൈകുകയാണ്.
പൂജ ബമ്പറിന് തൊട്ടുപിന്നാലെ ഡിസംബർ 5 ന് ക്രിസ്മസ് ബമ്പര്‍ വല്‍പ്പനയ്ക്ക് എത്തിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. കേരളത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ലോട്ടറി വില്‍പ്പന. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ലോട്ടറിയില്‍ നിന്നുളള വരുമാനം ആശ്വാസമായിരുന്നു.
ടിക്കറ്റുകൾ റീപ്രിൻ്റ് ചെയ്ത് എത്രയും വേഗം വിപണിയിൽ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലോട്ടറി ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥര്‍ ഓവർടൈം ജോലി ചെയ്താണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. 5,000, 2,000, 1000 രൂപ സമ്മാനങ്ങൾ വെട്ടികുറച്ച് ഡിസംബർ നാലിനാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റ് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. സമ്മാനത്തുകയ്ക്ക് പുറമെ, ഏജൻ്റുമാരുടെ കമ്മീഷനും കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഏജന്റുമാരുടെ ആകെ കമ്മീഷനില്‍ 93.16 ലക്ഷം രൂപയുടെ കുറവാണ് വരുത്തിയത്.
ഇത് ലോട്ടറി ഏജൻ്റുമാർക്കിടയിൽ കടുത്ത രോഷത്തിന് ഇടയാക്കി.

ശബരിമല സീസണില്‍ വലിയ വില്‍പ്പന

കേരള സ്റ്റേറ്റ് ലോട്ടറി ഏജൻ്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് സമ്മാന ഘടനയിൽ വരുത്തിയ മാറ്റങ്ങൾ ആകർഷകമല്ലെന്ന് ചൂണ്ടിക്കാട്ടി ലോട്ടറി ഡയറക്ടറേറ്റ് ഡയറക്ടർക്ക് കത്തു നല്‍കിയിരുന്നു. ക്രിസ്മസ് ബമ്പർ ലോട്ടറികള്‍ റിലീസ് ചെയ്യാന്‍ വൈകുന്നത് നിർണായകമായ വിൽപ്പന സമയമാണ് അപഹരിച്ചതെന്ന് ലോട്ടറി ഏജന്റുമാര്‍ പറയുന്നു. ശബരിമല ദർശനത്തിനെത്തുന്ന അന്തർ സംസ്ഥാന തീർഥാടകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലോട്ടറികള്‍ക്കുളളത്. ശബരിമല സീസണ്‍ ആരംഭിച്ച് ഇത്രയും നാള്‍ പിന്നിട്ടതിനാല്‍, ലോട്ടറി വില്‍പ്പനയില്‍ കുറവ് വരുമെന്ന ആശങ്കയിലാണ് ഏജന്റുമാര്‍.
അതേസമയം വരുമാന നഷ്ടം സംബന്ധിച്ച ആരോപണങ്ങള്‍ ലോട്ടറി ഡയറക്ടറേറ്റ് തള്ളി. ടിക്കറ്റുകൾ ഉടൻ പുറത്തിറങ്ങും, വരും ദിവസങ്ങളിലെ വിൽപ്പനയിലൂടെ നഷ്ടം നികത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി ഡയറക്ടറേറ്റ്.
400 രൂപയാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റിന്റെ വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും കുറഞ്ഞ സമ്മാനം 400 രൂപയാണ്. 10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്. ഫെബ്രുവരി 5 നാണ് നറുക്കെടുപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
Related Articles
Next Story
Videos
Share it