പൂട്ടിയ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു, പുതിയ ബാറുകളും; ലക്ഷ്യം തിരക്കൊഴിവാക്കല്‍

പുതിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി ബെവ്‌കോ. 68 ഔട്ട്‌ലെറ്റുകളാണ് വീണ്ടും തുറക്കുന്നത്. ലൈസന്‍സ് അനുവദിച്ച അതേ താലൂക്കില്‍ ഔട്ട്‌ലെറ്റുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു താലൂക്കിലേക്ക് മാറ്റാനും അനുവദിച്ചിട്ടുണ്ട്. പൂട്ടിയവ പ്രീമിയം ഔട്ട്‌ലെറ്റുകളായി വീണ്ടും തുറക്കണമെന്നും വാക്ക്-ഇന്‍ സൗകര്യത്തോടെ പുതിയവ ആരംഭിക്കണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ എത്തുന്നതോടെ ഇപ്പോഴുള്ള ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയും എന്നാണ് വിലയിരുത്തല്‍. ഐടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ആരംഭിക്കുന്നതിനും തീരുമാനം ആയിട്ടുണ്ട്. ബെവ്‌കോ നഷ്ടത്തിലായതും ഔട്ട്‌ലെറ്റുകള്‍ വീണ്ടും തുറക്കാന്‍ കാരണമായി. ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബെവ്‌കോ 1,608.17 കോടി രൂപ നഷ്ടത്തിലാണെന്നാണ്.

ബെവ്‌കോ നഷ്ടത്തിലാണെന്നും മദ്യവില കൂട്ടേണ്ടിവരുമെന്നും എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് ബെവ്‌കോ നഷ്ടത്തിലാകാനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അന്ന് പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ ഭീരിഭാഗവും പ്രാദേശിക പ്രതിഷേധങ്ങള്‍, സ്ഥല ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ കാരണം പുനരാരംഭിക്കാന്‍ സാധിച്ചിരുന്നില്ല.

പുനരാരംഭിക്കാന്‍ സാധ്യതയുള്ള ഔട്ട്‌ലെറ്റുകളുടെ എണ്ണം ജില്ല തിരിച്ച്

ഇടുക്കി, എറണാകുളം (8 )- കൊല്ലം, കോഴിക്കോട്, കോട്ടയം, പാലക്കാട് (6)- തിരുവനന്തപുരം, തൃശൂര്‍( 5)- ആലപ്പുഴ, വയനാട്, കണ്ണൂര്‍ (4)- മലപ്പുറം (3), കാസര്‍ഗോഡ്(2), പത്തനംതിട്ട (1)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it