24,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍; കഴിഞ്ഞ തവണ ചോദിച്ചിട്ട് എന്തായി?
ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍. ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെങ്കിലും ജി.എസ്.ടി നഷ്ടപരിഹാരം, ധന കമ്മി ഗ്രാന്റ്, വായ്പാ പരിധി കുറക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്ന് കെ.എന്‍.ബാലഗോപാല്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വയനാട് പുനരധിവാസത്തിനുള്ള പാക്കേജ് മുതല്‍ കേരളത്തിന് എയിംസ് അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള 27 ആവശ്യങ്ങളാണ് ധനമന്ത്രി മുന്നോട്ടു വെച്ചത്. കഴിഞ്ഞ ബജറ്റ് അവതരണത്തിനു മുമ്പ് 24,000 കോടിയുടെ പ്രത്യേക പാക്കേജ് കേരളം ചോദിച്ചെങ്കിലും പരിഗണനയൊന്നും കിട്ടിയില്ല.
വയനാടിന് 2,000 കോടിയുടെ പാക്കേജ്
വയനാടിന്റെ പുനരധിവാസത്തിന് 2,000 കോടിയുടെ പാക്കേജാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സഹായമായി 5,00 കോടി, കേരളത്തിലെ ഐ.ഐ.ടികളുടെ നവീകരണത്തിന് 2,100 കോടി, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 4,500 കോടി, മല്‍സ്യതൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്ക് 1,876 കോടി, വന്യമൃഗ ശല്യം നേരിടുന്നതിന് 1,000 കോടി, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമപദ്ധതികള്‍ക്ക് 3,940 കോടി, റബ്ബര്‍ വില സ്ഥിരതാ ഫണ്ടിലേക്ക് 1,000 കോടി, നെല്ല് സംഭരണത്തിന് 2,000 കോടി, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ നവീകരണത്തിന് 1.293 കോടി, കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നതിന് 2,117 കോടി, തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടി എന്നീ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.
പ്രവാസികള്‍ക്ക് പിന്തുണ വേണം
പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2,300 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 2,000 കോടി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും 300 കോടി പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. കേരളത്തിലെ റെയില്‍വെ ലൈനുകള്‍ വിപുലീകരിക്കുന്നതിന് സഹായം ആവശ്യമാണ്. അങ്കമാലി-ശബരി പാത, നിലമ്പൂര്‍-നഞ്ചങ്കോട് പാത, തലശേരി-മൈസൂര്‍ പാത എന്നിവക്ക് പ്രത്യേകമായി ഫണ്ട് അനുവദിക്കണം. തൊഴിലുറപ്പ് പദ്ധതി, പരമ്പരാഗത തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതി, കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങിയ നിരവധി ആവശ്യങ്ങളും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ യോഗത്തില്‍ ഉന്നയിച്ചു. വെഹിക്കിള്‍ സ്‌ക്രാപ്പ് പോളിസി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റുന്നതിന് 8,00 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാര പദ്ധതി തുടരുക, ബജറ്റിന് പുറത്തുള്ള വായ്പയെടുക്കലില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ധനമന്ത്രി ഉന്നയിച്ചു.