സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം പിന്‍വലിക്കും, ശബരിമല വിമാനത്താവള ആഘാത പഠനത്തിന് പുതിയ ഏജന്‍സി

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹിക ആഘാത പഠനം വീണ്ടും നടത്തും. ഇതിനായി പുതിയ ഏജന്‍സിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മുമ്പ് ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
441 കൈവശക്കാരുടെ 1000.28 ഏക്കര്‍
ബിലീവേഴ്‌സ് ചര്‍ച്ചിന്റേത് ഉള്‍പ്പെടെ 441 കൈവശക്കാരുടെ 1,000.28 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2023 മാര്‍ച്ചിലാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ഇതാണ് പിന്നീട് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായിട്ടാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. സാമൂഹികാഘാത പഠനം നടത്തിയ ഏജന്‍സി സര്‍ക്കാരിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് എന്ന ഏജന്‍സിയായിരുന്നു. ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദവും ഹൈക്കോടതയില്‍ ഉന്നയിക്കപ്പെട്ടു.
ബിലീവേഴ്‌സ് ചര്‍ച്ചിനു വേണ്ടി ഹാജരായ അഭിഭാഷകരായ പി. ഹരിദാസും ഋഷികേശ് ഹരിദാസും സര്‍ക്കാരിനെതിരേ കോടതിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്ന് അവര്‍ വാദിച്ചു.
Related Articles
Next Story
Videos
Share it