'ഈച്ച പോലും അറിഞ്ഞില്ല'; ഉദ്യോഗസ്ഥരെ വിളിച്ചത് പരിശീലനത്തിന് എന്ന പേരില്‍; തൃശൂരിലേത് വന്‍ ജി.എസ്.ടി റെയ്ഡ്

തൃശൂരിലെ ജുവലറികളില്‍ നടന്നത് കേരളത്തില്‍ ജി.എസ്.ടി വകുപ്പ് നടത്തിയ ഏറ്റവും വലിയ റെയ്ഡ്. വിവരം ചോരുമെന്ന ഭയം മൂലം സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ പോലും മുന്‍ കൂട്ടി വിവരമറിയിച്ചിരുന്നില്ല. വിവിധ ജില്ലകളില്‍ നിന്നുള്ള 700 ജി.എസ്.ടി ഉദ്യോഗസ്ഥരോട് ഒരു ട്രെയിനിംഗിനായി കൊച്ചിയില്‍ എത്താന്‍ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം മേധാവി ആവശ്യപ്പെടുകയായിരുന്നു. കൊച്ചിയിലെത്തിയ ഉദ്യോഗസ്ഥരെ ഉല്ലാസയാത്രക്കെന്ന പേരിലാണ് തൃശൂരിലേക്ക് കൊണ്ടു പോയത്. അഞ്ച് വലിയ ടൂറിസ്റ്റ് ബസുകള്‍, ടെംപോ ട്രാവലറുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലായിരുന്നു യാത്ര. ബസുകള്‍ക്ക് മുന്നില്‍ അയല്‍കൂട്ടം ഉല്ലാസ യാത്ര എന്ന ബാനറുകള്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡിനെ കുറിച്ച് അറിവുണ്ടായരുന്നത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ടില്‍ വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം 10 പേരടങ്ങുന്ന സംഘങ്ങളായാണ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങിയത്. സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികള്‍ ഉള്‍പ്പടെ 76 കേന്ദ്രങ്ങളില്‍. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് തുടങ്ങിയ റെയ്ഡ്. ഇന്ന് രാവിലെ 11 മണിയോടെയാണ് അവസാനിച്ചത്.. ഫാക്ടറികള്‍, ജുവലറികള്‍, ബന്ധപ്പെട്ട ഫ്‌ളാറ്റുുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. രേഖകളില്ലാത്ത 104 കിലോ സ്വര്‍ണവും നിരവധി ബില്ലുകളും പിടിച്ചെടുത്തതായാണ് വിവരം. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്ക് മാറ്റും.

ഓപ്പറേഷന്‍ ടോറെ ഡെല്‍ ഒറോ

സ്പാനിഷ് വാക്കായ ടോറെ ഡെല്‍ ഒറോ (ടവര്‍ ഓഫ് ഗോള്‍ഡ്) എന്ന പേരിലായിരുന്നു റെയ്ഡ്. സ്‌പെയിനിലെ സെവില്ലിയിലുള്ള സ്വര്‍ണ ഗോപുരം ഉള്‍പ്പെടുന്ന ചരിത്ര സ്മാരകത്തിന്റെ പേരാണ് ഇത്. സ്‌പെയിനിന്റെ പുരാതന ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ഗോപുരം. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സ്വര്‍ണാഭരണ നിര്‍മാണ ശാലകളുള്ള സ്ഥലങ്ങളില്‍ ഒന്നാണ് തൃശൂര്‍ നഗരം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ജുവലറികളിലേക്കുള്ള ആഭരണങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഏതാനും മാസങ്ങളായി തൃശൂരിലെ ആഭരണശാലകളിലെ ഇടപാടുകള്‍ ജി.എസ്.ടി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ സ്ഥാപനങ്ങളുടെ രേഖകള്‍ മുന്‍കൂട്ടി പരിശോധിച്ച ശേഷമാണ് റെയ്ഡിന് എത്തിയത്. പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന വരും ദിവസങ്ങളില്‍ നടക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. സ്വര്‍ണവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജുവലറികളില്‍ നികുതി വെട്ടിപ്പ് വര്‍ധിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.


Related Articles
Next Story
Videos
Share it