കൂട്ടിയ വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ ; യൂണിറ്റിന് 16 പൈസ വര്‍ധന
സംസ്ഥാനത്ത് വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പ്രാബല്യത്തില്‍ വന്നു. ഒരു യൂണിറ്റിന് ശരാശരി 16 പൈസയാണ് ഈ വര്‍ഷം വര്‍ധിക്കുന്നത്. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ കൂടി വര്‍ധിക്കും. കെ.എസ്.ഇ.ബി ഉന്നയിച്ച നിരക്ക് വര്‍ധന ഭാഗികമായി അംഗീകരിച്ചാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയത്. ഫിക്‌സഡ് ചാര്‍ജുകളിലും നിരക്ക് വര്‍ധനയുണ്ട്. സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. കമ്മീഷന്‍ ശരാശരി 16 പൈസയുടെ വര്‍ധയാണ് അംഗീകരിച്ചത്. അടുത്ത വര്‍ഷത്തേക്ക്, സമ്മര്‍ താരിഫ് ഉള്‍പ്പെടെ, യൂണിറ്റിന് 27 പൈസയുടെ നിരക്കുവര്‍ധന ആവശ്യപ്പെട്ടെങ്കിലും യൂണിറ്റിന് ശരാശരി 12 പൈസയുടെ വര്‍ധനയാണ് അംഗീകരിച്ചത്. 2026-27 വര്‍ഷത്തേക്ക്, ഒമ്പത് പൈസയുടെ നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും കമ്മീഷന്‍ പരിഗണിച്ചില്ല. പുതിയ നിരക്കുകള്‍ പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന ഇല്ല. 50 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് യൂണിറ്റിന് അഞ്ചു പൈസയാണ് വര്‍ധന. 101 മുതല്‍ 150 വരെ യൂണിറ്റിന് 15 പൈസ വര്‍ധിക്കും.
വിവിധ സ്ലാബുകളിലെ നിരക്ക് വര്‍ധന ഇങ്ങനെ:
നിരക്ക് വര്‍ധന ഇല്ലാത്ത വിഭാഗങ്ങള്‍
40 യൂണിറ്റ് വരെയുള്ള ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവക്കും വര്‍ധനയുണ്ടാകില്ല. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ വീട്ടിലുള്ളവര്‍ക്ക് പ്രതിമാസം യൂണിറ്റ് 100 വരെ ഉപയോഗിക്കുന്നത്തിന് താരിഫ് വര്‍ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1,000 കിലോവാട്ടില്‍ നിന്ന് 2,000 കിലോവാട്ടായി ഉയര്‍ത്തിയിട്ടുണ്ട്. മുമ്പ് അപകടങ്ങളില്‍ അംഗവൈകല്യം സംഭവിച്ചവര്‍ക്കും പോളിയോ ബാധിതര്‍ക്കും മാത്രമായിരുന്നു ഈ ആനുകൂല്യം. ഇത് അംഗവൈകല്യം ഉള്ള എല്ലാവര്‍ക്കുമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് തുടരും.
ചെറുകിട വ്യവസായങ്ങള്‍ക്ക് പകല്‍ സമയത്ത് നിരക്ക് കുറയും
ചെറുകിട വ്യാവസായങ്ങള്‍ക്ക് പകല്‍ സമയത്തെ (രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ) വൈദ്യുതി നിരക്ക് 10 ശതമാനം കുറയ്ക്കുന്നത് കമ്മീഷന്‍ പരിഗണിച്ചിട്ടുണ്ട്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കില്‍ യൂണിറ്റിന് അഞ്ചു പൈസ വര്‍ധിപ്പിച്ചു. വ്യവസായങ്ങള്‍ക്ക് രണ്ട് ശതമാനം വരെയാണ് വര്‍ധന. 10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ വര്‍ധനവില്ല. എനര്‍ജി ചാര്‍ജില്‍ യൂണിറ്റിന് അഞ്ചു പൈസയുടെ വര്‍ധിക്കും. പകല്‍ സമയത്ത് 10 ശതമാനം ഇളവ് പരിഗണിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് ബില്ലില്‍ കുറവ് ലഭിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്. സോളാര്‍ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.
ഓഡിറ്റോറിയങ്ങള്‍ക്ക് താല്‍കാലിക കണക്ഷന്‍
ഓഡിറ്റാറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയവക്ക് ആവശ്യമുള്ളപ്പോള്‍ താല്‍ക്കാലിക കണക്ഷന്‍ നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ് നല്‍കേണ്ടി വരില്ല. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ടി.ഒ.ഡി നിരക്കിലേക്ക് മാറ്റുന്നതിന് അംഗീകാരം നല്‍കി. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനവില്ല. ടൂറിസം മേഖലയില്‍ ഫാം സ്റ്റേകളില്‍ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളില്‍) ഹോം സ്റ്റേ രീതിയില്‍ ഗാര്‍ഹിക നിരക്ക് ബാധകമാക്കി. പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫില്‍ ശരാശരി 30 ശതമാനം വരെ ഇളവ് നല്‍കിയിട്ടുണ്ട്. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.