

കളമശേരിയില്‍ നടക്കുന്ന ഇന്നവേഷന്‍ ഫെസ്റ്റിവലിന് എത്തിയത് ആയിരങ്ങള്‍. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നിക്ഷേപകരും പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും സാധാരണക്കാരും അടക്കം ആയിരങ്ങളാണ് ഇന്ന് പരിപാടിക്കെത്തിയത്. രണ്ട് ദിവസത്തെ പരിപാടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ മേധാവി മമത വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ലഭ്യമായിട്ടുള്ള പ്രത്യേക ഫണ്ട് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു.
ഇന്‍കുബേഷന്‍ സെന്ററുകള്‍ വര്‍ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ സീഡ് ഫണ്ട് ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തെ ഏറ്റവും ചടുലമായതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ രജിസ്‌ട്രേഷന് നൂറുശതമാനം നേടിയ ഏക സംസ്ഥാനം കേരളമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്(ജിഇഎം-ജെം), 10,000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ട്, ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം, ആദായ നികുതി ഇളവ് ലഭിക്കുന്ന പദ്ധതി എന്നിവ പൂര്‍ണമായും ഉപയോഗപ്പെടുത്തണം. രാജ്യത്തെ 48 ശതമാനം സ്റ്റാര്‍ട്ടപ്പുകളിലും സ്ഥാപകരോ സഹസ്ഥാപകരോ വനിതകളാണെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ എണ്ണം എല്ലാ കൊല്ലവും കൂടി വരികയാണെങ്കിലും തൊഴില്‍പ്രാതിനിധ്യം വളരെ കുറവാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം മിനി സുകുമാരന്‍ പറഞ്ഞു. ഈ അന്തരം വെല്ലുവിളിയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സത്വര നടപടികള്‍ എടുത്തു വരികയാണ്. ജെന്‍ഡര്‍ ബജറ്റ് കൂടുതല്‍ ഫലവത്താക്കാന്‍ ആസൂത്രണബോര്‍ഡ് വിവിധ നിര്‍ദ്ദേശങ്ങളും പദ്ധതികളും സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക എന്നിവര്‍ സംസാരിച്ചു. ക്രിബ് ബയോനെസ്റ്റിന്റെ നവീകരിച്ച വെബ്‌സൈറ്റ് ചടങ്ങില്‍ വച്ച് മമത വെങ്കിടേഷ് പുറത്തിറക്കി. ബയോനെസ്റ്റ് സിഇഒ അമ്പാടി കെ സന്നിഹിതനായിരുന്നു. ചലച്ചിത്രമേഖല, സംഗീതം, ടെക്‌നോളജി, ഫിന്‍ടെക്, സാമൂഹ്യ സംരംഭങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള നൂറിലധികം പ്രമുഖര്‍ രണ്ട് ദിവസത്തെ പരിപാടിയില്‍ സംസാരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine